ഡിസിസികളും ദുരിതാശ്വാസ ക്യാമ്പുകളും അടിയന്തരമായി സജ്ജമാക്കാൻ നിർദേശം

by admin

കാലവർഷക്കെടുതിയുടെ നഷ്ടപരിഹാരം ഉടൻ

  ആലപ്പുഴ: കോവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്തും കാലവർഷം അടുത്തുവന്നതും പരിഗണിച്ച് ജില്ലയിൽ കോവിഡ് രോഗികളെ പ്രത്യേകം മാറ്റിപാർപ്പിക്കുന്നതിനുള്ള ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും (ഡിസിസി) ദുരിതാശ്വാസ ക്യാമ്പുകളും പഞ്ചായത്ത് അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് സജ്ജമാക്കിവയ്ക്കാൻ മന്ത്രിമാരുടെ നിർദ്ദേശം. ജില്ലയിലെ കോവിഡ് സാഹചര്യവും കാലവർഷ മുന്നൊരുക്കപ്രവർത്തനങ്ങളും വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൃഷി മന്ത്രി പി. പ്രസാദും അടിയന്തരമായി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

ഒരു പഞ്ചായത്തിൽ കുറഞ്ഞത് 100 കിടക്കകളെങ്കിലും ഉള്ള ഡിസിസികൾ അടിയന്തരമായി തയാറാക്കി റിപ്പോർട്ട് ചെയ്യണം. നിലവിൽ രോഗികളില്ല എന്ന സാഹചര്യം പരിഗണിക്കേണ്ടതില്ലെന്നും കാലവർഷക്കെടുതി മുൻകൂട്ടിക്കണ്ട് ഡിസിസികൾ തയാറാക്കാനാണ് സർക്കാർ നിർദ്ദേശമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. രണ്ടുദിവസത്തിനകം ഇതിനുള്ള നടപടി പൂർത്തിയാക്കാനും നിർദ്ദേശിച്ചു.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന സ്ഥലങ്ങളെ പ്രാദേശികമായി മൈക്രോ നിയന്ത്രണമേഖലകളായി പരിഗണിച്ച് സാധ്യമായ ഇളവുകൾ നൽകുന്നത് പരിഗണിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകി. രോഗത്തിന്റെ വ്യാപനവും സർക്കാർ നിർദ്ദേശങ്ങളും പരിഗണിച്ചേ ഇക്കാര്യം പരിഗണിക്കാനാവൂവെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയും കോവിഡ് വ്യാപനവും പ്രവർത്തനങ്ങളും വിലയിരുത്താൻ മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും എം.എൽ.എമാരുടെ സാന്നിധ്യത്തിൽ അടിയന്തരമായി അവലോകന യോഗം ചേരണമെന്ന് മന്ത്രി സജി ചെറിയാൻ നിർദേശിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണം.
P Prasad

കഴിഞ്ഞ മഴക്കെടുതിയിൽ വീട് തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തവർക്ക് നൽകാനുള്ള നഷ്ടപരിഹാര തുക സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കണക്കെടുപ്പിന്റെ നടപടിക്രമങ്ങൾ വൈകരുത്. നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടി ചെയ്യണം. വില്ലേജ് ഓഫീസിൽ ലഭിച്ച അപേക്ഷകൾ രണ്ടുദിവസത്തിനുള്ളിൽ അടിയന്തിരമായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകണം. തദ്ദേശഭരണ സ്ഥാപനങ്ങൾ അഞ്ചു ദിവസത്തിനകം നഷ്ടത്തിന്റെ ശതമാനം കണക്കാക്കി തിരികെ റവന്യൂ വകുപ്പിന് ലഭ്യമാക്കാൻ നിർദ്ദേശം നൽകി. ഇത് ലഭിച്ചാൽ ഉടൻ നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ കഴിയുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കണക്കുകൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒരു തരത്തിലും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അടിയന്തര ഇടപെടൽ നടത്താനും മന്ത്രി നിർദ്ദേശം നൽകി.

വെള്ളപ്പൊക്കം; കുട്ടനാട്ടിൽ മുൻകരുതലിന് നിർദ്ദേശം

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടനാടിന്റെ കാര്യത്തിൽ ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ കാട്ടണമെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. 2018ലെ പ്രളയകാലത്ത് കുട്ടനാട്ടിലുള്ളവരെ മറ്റു മണ്ഡലങ്ങളിലേക്ക് പൂർണമായും മാറ്റി താമസിപ്പിച്ചിരുന്നു. ഇത്തവണയും അത്തരമൊരു സാഹചര്യമുണ്ടായാൽ അവിടെയുള്ള മുഴുവൻപേരെയും മാറ്റി താമസിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പദ്ധതിയും ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യണം. ഇതിനായി ക്യാമ്പുകൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ നേരത്തേ കണ്ടെത്തി സജ്ജീകരിക്കണം.

കടലാക്രമണം നേരിടുന്ന തീരദേശങ്ങളിലുള്ളവരെ നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി ക്യാമ്പുകൾ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സുരക്ഷിതരാക്കണമെന്നും മഴക്കാലപൂർവ്വ ശുചീകരണം സംബന്ധിച്ച് ഗൗരവമായ നടപടികൾ പഞ്ചായത്ത് തലത്തിൽ വേണമെന്നും സജി ചെറിയാൻ പറഞ്ഞു. ജില്ലയിലെ കോവിഡ് സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളുടെ സ്ഥിതിയും പരിശോധിക്കുന്നതിന് അടിയന്തരമായി യോഗം ചേരണമെന്ന് ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികൾക്ക് കിറ്റ് ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തും. തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം വിലയിരുത്താനും റ്റി.ഡി. മെഡിക്കൽ കോളജിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും പ്രത്യേക യോഗം ചേരാൻ മന്ത്രി നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്കും വോളണ്ടിയർമാർക്കും കൗൺസിലിങ് ആവശ്യമാണെങ്കിൽ നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.

ഡോക്ടർമാരുടെ കുറവ് എത്രയും വേഗം പരിഹരിക്കും

ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്തുള്ള ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിന് ജില്ല മെഡിക്കൽ  ഓഫീസറെയും  ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം ഓഫീസറെയും ചുമതലപ്പെടുത്തി. താൽക്കാലികാടിസ്ഥാനത്തിലുള്ള നിയമനം നടത്തി ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാരം കാണാൻ മന്ത്രി പി. പ്രസാദ് നിർദ്ദേശം നൽകി. ആർ.ടി.പി.സി.ആർ. പരിശോധന ഫലം വൈകുന്ന പ്രശ്‌നം പരിഹരിക്കും. 24 മണിക്കൂറിനകം പരിശോധന ഫലം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ എവിടെയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടാൽ അത് പരിഹരിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകി. കിറ്റ് ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തും. ഒറ്റമശ്ശേരിയിലെ കടലാക്രമണത്തിന് താൽക്കാലിക ശമനം കാണാൻ ഇറിഗേഷൻ വകുപ്പ് ഒമ്പതു ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്നുള്ള വെള്ളം പമ്പിങ് നടത്തി നീക്കുന്നതിന് മൂന്ന് പമ്പുകൾ നൽകിയിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഉടനെ യോഗം വിളിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.

മന്ത്രിമാരെ ജില്ല കളക്ടർ എ. അലക്‌സാണ്ടർ പ്രവേശന കവാടത്തിലെത്തി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മന്ത്രിമാരെ അമ്പലപ്പുഴ എം.എൽ.എ. എച്ച്. സലാം പൊന്നാട അണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ അഡ്വ. എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, എം.എസ്. അരുൺകുമാർ, തോമസ് കെ. തോമസ്, അഡ്വ. യു. പ്രതിഭ, ദലീമാ ജോജോ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടർ എ. അലക്‌സാണ്ടർ, ജില്ല പോലീസ് മേധാവി ജെ. ജയ്‌ദേവ്, ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ജില്ലയിലെ മന്ത്രിമാരുടെ ആദ്യ ഔദ്യോഗിക യോഗമാണ് കളക്‌ട്രേറ്റിൽ നടന്നത്.

You may also like

Leave a Comment

You cannot copy content of this page