ലോക്ക്ഡൗണ്‍ ഇളവുകളുടെ ലംഘനങ്ങള്‍ അനുവദിക്കില്ല: ജില്ലാ പോലീസ് മേധാവി

by admin

post

പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില മേഖലകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി. പുതിയ ഇളവുകള്‍ പ്രകാരം വസ്ത്രശാലകള്‍, ജുവലറി ഷോപ്പുകള്‍ എന്നിവക്ക് പ്രവര്‍ത്തനുമതിയുണ്ട്, പക്ഷെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ എണ്ണം സ്റ്റാഫുകളേ പാടുള്ളൂ. നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ഉടമകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും.

വിവാഹപാര്‍ട്ടികള്‍ക്ക് നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യാം, പരമാവധി ഒരുമണിക്കൂര്‍ മാത്രം. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ലഭ്യമാക്കല്‍, മാസ്‌ക് ഉപയോഗം എന്നിങ്ങനെയുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കും. പോലീസ് പട്രോളിങ് ഊര്‍ജിതമാക്കിയും മറ്റും നിരീക്ഷണം ശക്തമാക്കി നടപടികള്‍ കൈകൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്ക് പൈനാപ്പിള്‍ ശേഖരിക്കുന്നതിനും ബന്ധപ്പെട്ട ജോലികള്‍ക്കും മൊബൈല്‍ ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. ടാക്സ് കന്‍സല്‍ട്ടന്റുമാര്‍, ജിഎസ്ടി പ്രാക്റ്റീഷണര്‍മാര്‍ എന്നിവര്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജോലിചെയ്യാനും അനുമതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലും ലംഘനങ്ങള്‍ ഉണ്ടാവാതെ നിരീക്ഷണം ശക്തമാക്കാനും നടപടി കൈക്കൊള്ളാനും ജില്ലയിലെ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലംഘനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 164 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 149 ആളുകളെ അറസ്റ്റ് ചെയ്തു. 25 വാഹനങ്ങള്‍ പിടിച്ചെടുത്തു. നാലു വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ക്വാറന്റീന്‍ ലംഘനത്തിന് ഒരു കേസെടുത്തു. മാസ്‌ക് കൃത്യമായി ഉപയോഗിക്കാത്തതിന് 739 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 221 ആളുകള്‍ക്കെതിരെയും പെറ്റി കേസെടുക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം വരെ ഇ പാസിന് 37059 പേര്‍ അപേക്ഷിച്ചു. ഇതില്‍ അനുവദിച്ചത് 7796 എണ്ണം മാത്രമാണ്. 29193 അപേക്ഷകള്‍ തള്ളി. 70 അപേക്ഷകള്‍ പരിഗണനയിലാണെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page