കൊച്ചി : ജില്ലയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിൽ കോവിഡ് വ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവിൽ ടെസ്റ്റ് പോസിറ്റീവ് റേറ്റ് ഒരു പഞ്ചായത്തിൽ മാത്രമാണ് 50 ശതമാനത്തിനു മുകളിൽ ഉള്ളത്. ഇവിടെ മൊബൈൽ ടെസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കോവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. നിലവിൽ 25% മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിൽ ഭാവിയിലും നിയന്ത്രണം തുടരും. ഒരു ഘട്ടത്തിൽ 35% വരെ ടി പി ആർ ഉയർന്നിട്ടുണ്ട്. അത് 24% കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. 10 % ആക്കി കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപന നിരക്ക് പോലെ മരണനിരക്ക് കുറയ്ക്കുന്നതിനും ജില്ലയിൽ സാധിച്ചിട്ടുണ്ട്. 0.2 ശതമാനമാണ് ജില്ലയിലെ മരണനിരക്ക്. ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും എഫ്എൽടിസിയും സിഎഫ്എൽസികളും സജ്ജമാണ്. ഓക്സിജൻ ബെഡ്ഡുകൾ, വെൻറിലേറ്റർ ബെഡ്ഡുകൾ, ഐസിയു എന്നിവ ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. കൺട്രോൾ റൂമുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ കോവിൽ പ്രതിരോധത്തിൽ സ്വീകരിച്ച സമീപനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലൂർ മെട്രോ സ്റ്റേഷൻ ഐസി 4 വച്ച് നടന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്, ഡി എം ഒ ഡോ. എൻ.കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, അഡീഷണല്‍ ഡിഎംഒ ഡോ.എസ് ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.