കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ഫാസിസ്റ്റ് തേര്‍വാഴ്ചയ്ക്കും കാവിവത്കരണത്തിനും എതിരെ പ്രതിഷേധ ശബ്ദം ഉയര്‍ത്താന്‍ രാജ്യത്തെ മതേതരജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു.
അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യവും ജനവിരുദ്ധവുമായ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലെ യുവസമൂഹം ഉള്‍പ്പെടെ ജനവിഭാഗങ്ങള്‍ നടത്തുന്ന പ്രതിഷേധമുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നൂവെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്‍റെ ഓണ്‍ലെെന്‍ പ്രതിഷേധമായ ‘കോറോണ കാലത്ത് വിദ്യാര്‍ത്ഥി വിപ്ലവം വീട്ടുപടിക്കല്‍’ എന്ന പ്രതിഷേധ പരിപാടിയില്‍ ദ്വീപിലെ മാത്രമല്ല കേരളത്തിലെ ആയിരകണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്നു.കുറ്റകൃത്യങ്ങള്‍ കുറവുള്ള ദ്വീപില്‍ ഭരണകൂട ഭീകരതയ്ക്കും നരേന്ദ്ര മോദിയുടെ ഫാസിസത്തിനുമെതിരെ ശബ്ദിക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കി.സ്കൂള്‍ക്കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ മാംസാഹാരം പൂര്‍ണ്ണമായി ഒഴിവാക്കി ഗോവധനിരോധനം നടപ്പാക്കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു.മുസ്ലീം ഭൂരിപക്ഷപ്രദേശമായ ദ്വീപില്‍ ടൂറിസം വികസനത്തിന്‍റെ പേരില്‍ മദ്യനിരോധം എടുത്തുകളഞ്ഞു.ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിടുകയും മത്സ്യത്തൊഴിലാളികളുടെ താത്കാലിക ഷെഡുകള്‍ പൊളിച്ചുകളയും ചെയ്തു.സംഘപരിവാര്‍ അജണ്ട ഒന്നൊന്നായി നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകരുതെന്ന നിയമം കൊണ്ടുവന്നു. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നിഷ്ക്രിയമാക്കി.അതിനെതിരെയെല്ലാം ഉയരുന്ന പ്രതിഷേധങ്ങളെ കായികമായി അടിച്ചമര്‍ത്തുകയാണ്.ലക്ഷദ്വീപിനെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഫാസിസ്റ്റ് തേര്‍വാഴ്ച അവസാനിപ്പിക്കാനും അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിച്ച് ദ്വീപില്‍ ജനാധിപത്യവും മതേതരത്തവും പുന:സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനാധിപത്യ മതേതര കക്ഷികള്‍ മുന്‍കെെയെടുക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.