ഇടുക്കി: തോട്ടം മേഖലയില്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാല്‍ ലോക്ഡൗണില്‍ നിന്നൊഴിവാകാമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന് പ്രത്യാശിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ ഫലപ്രദമാണെന്നാണ് ഇത് കാണിക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നു ദിവസത്തെ ശരാശരിയായ 17.6 ല്‍ നിന്ന് ഇന്നലെ 16.1 ആയി കുറഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ല, സംസ്ഥാന തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. തോട്ടം മേഖലയിലാണ് ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഉപജീവനമാര്‍ഗ്ഗമായ തോട്ടം മേഖലയെ സര്‍ക്കാര്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തോട്ടം മേഖലയായ ഏലപ്പാറ, കുമളി, പള്ളിവാസല്‍, മൂന്നാര്‍, ദേവികുളം എന്നീ പഞ്ചായത്തുകളില്‍ കോവിഡ് രോഗ വ്യാപനം കൂടുതലാണ്്. തോട്ടം മേഖലയില്‍ കമ്പനി അധികൃതരും തദ്ദേശ ഭരണ സ്ഥാപനങ്ങളും എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ജനങ്ങളുടെ സഹകരണം കൂടി ഉണ്ടായാല്‍ മാത്രമേ കോവിഡ് വ്യാപനം ലോക്ഡൗണിലൂടെ കുറച്ചത് ജില്ലയില്‍ നിലനിര്‍ത്താന്‍ കഴിയൂ. കണ്ടെയ്മെന്റ് സോണില്‍ നിയന്ത്രണം കര്‍ശനമായി തുടരുന്നുണ്ട്. എല്ലാവരും കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാല്‍ ലോക്ഡൗണില്‍ നിന്ന് അധികം താമസിയാതെ ഒഴിവാകാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന് ഓര്‍മ്മിപ്പിച്ചു.
#collectoridukki
#lockdown
#idukkidistrict
#COVID19