കൃത്യമായ മുന്നൊരുക്കങ്ങള്‍ ഫലം കണ്ടു;രണ്ടാം തരംഗത്തില്‍ തളരാതെ കോട്ടയം

by admin

                 

♦️കോവിഡ് മരണനിരക്കില്‍ പിന്നില്‍

♦️മാതൃകയായ വികേന്ദ്രീകൃത സംവിധാനം

♦️ഫസ്റ്റ്ലൈന്‍, സെക്കന്‍ഡ് ലൈന്‍ കേന്ദ്രങ്ങളില്‍
ഏറ്റവുമധികം ഓക്സിജന്‍ കിടക്കകളുള്ള ജില്ല

കൃത്യമായ മുന്നൊരുക്കങ്ങള്‍ ഫലം കണ്ടു; രണ്ടാം തരംഗത്തില്‍ തളരാതെ കോട്ടയം

കോട്ടയം: കൃത്യമായ ആസൂത്രണത്തിലൂടെ ഓക്സിജന്‍ ലഭ്യതയും മതിയായ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയ കോട്ടയം ജില്ല കോവിഡ് രണ്ടാം തരംഗത്തില്‍ സൃഷ്ടിച്ചത് പ്രതിരോധത്തിന്‍റെ പുതിയ മാതൃക. ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ഓക്സിജന്‍ കിടക്കകള്‍ സജ്ജമാക്കിയതിലൂടെ മരണനിരക്ക് കുറയ്ക്കുവാനും ജില്ലയ്ക്ക് സാധിച്ചു.

കോട്ടയത്ത് ഏകദേശം 167 കോടി രൂപയുടെ കോവിഡ് ചികിത്സാ സേവനങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഇതുവരെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയതായാണ് കണക്ക്. ജില്ലയില്‍ രോഗബാധിതരായ 1.7 ലക്ഷം പേരില്‍ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നവര്‍ വീടുകളില്‍ തന്നെയാണ് കഴിഞ്ഞതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ 44,700 പേര്‍ക്ക് ചികിത്സ നല്‍കി. ഇത് ആകെ രോഗികളുടെ 26.3 ശതമാനം വരും.

കോട്ടയം മെഡിക്കല്‍ കോളേജ്, കോട്ടയം ജനറല്‍ ആശുപത്രി എന്നീ കോവിഡ് ആശുപത്രികളില്‍ ഇതുവരെ 8700 പേരാണ് ചികിത്സ നേടിയത്. സെക്കന്‍ഡ് ലൈന്‍ കേന്ദ്രങ്ങളില്‍ സംസ്ഥാനത്ത് ആകെയുള്ള 2421 ഓക്സിജന്‍ കിടക്കകളില്‍ 591 എണ്ണവും (24.4 ശതമാനം) ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളില്‍ ആകെയുള്ള 681 ഓക്സിജന്‍ കിടക്കകളില്‍ 161 എണ്ണവും (23.64 ശതമാനം) കോട്ടയം ജില്ലയിലാണ്.

കോട്ടയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും രാമപുരം, തോട്ടയ്ക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമായി ആകെ 150 കിടക്കകള്‍ക്ക് കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനത്തിനുള്ള സഹായം നല്‍കിയത് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ്.

റോട്ടറി ഇന്‍റര്‍നാഷണല്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ മൂന്നും പാാലാ ജനറല്‍ ആശുപത്രിയില്‍ രണ്ടും ബിപാപ് വെന്‍റിലേറ്ററുകള്‍ സംഭാവന ചെയ്തു.

പാരഗണ്‍ ഇന്‍ഡസ്ട്രീസ് 25 ലക്ഷം രൂപ ചെലവില്‍ പാലാ, ഉഴവൂര്‍ ആശുപത്രികള്‍ക്ക് 10 ഹൈഫ്ളോ നേസല്‍ ക്യാനുലയും 14 ലക്ഷം രൂപ ചെലവില്‍ ഉഴവൂര്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വിവിധ സൗകര്യങ്ങളും ലഭ്യമാക്കി.
ജൂനിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണലും നെസ്ലെ ഇന്ത്യയും ചേര്‍ന്ന് 42.5 ലക്ഷം രൂപ ചെലവില്‍ 15 ഹൈ ഫ്ളോ നേസല്‍ ക്യാനുലകള്‍ നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ വ്യാസ് സുകുമാരന്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ.ട്വിങ്കിള്‍ പ്രഭാകരന്‍, നോഡല്‍ ഓഫീസര്‍ ഡോ. ഭാഗ്യശ്രീ തുടങ്ങിയവര്‍ക്കാണ് കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ നിര്‍വ്വഹണച്ചുമതല. ആരോഗ്യകേരളം എഞ്ചിനീയര്‍ സൂരജ് ബാലചന്ദ്രനാണ് സാങ്കതിക ഏകോപനം നിര്‍വഹിക്കുന്നത്.

You may also like

Leave a Comment

You cannot copy content of this page