കൊവിഡ് പ്രതിരോധം: സന്നദ്ധസേനയുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

by admin

കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേന രൂപീകരിച്ചു. പഴയങ്ങാടി താലൂക്ക് ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം വിജിന്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊവിഡ് വ്യാപനം വലിയ ഭീഷണിയായി നില്‍ക്കുന്ന ഇക്കാലത്ത് സഹായം ആവശ്യമുള്ളവര്‍ക്കായി രംഗത്തിറങ്ങുന്നതിന് സന്നദ്ധ സേനയ്ക്ക് രൂപം നല്‍കിയ ബ്ലോക്ക് പഞ്ചായത്തിന്റെ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിയെ പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതിന് കരുത്ത് പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അണുവിമുക്തമാക്കുന്നതിനുള്ള ഡിസ്ഇന്‍ഫെക്റ്റന്റ് സ്പ്രേ യന്ത്രങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ചടങ്ങില്‍ അധ്യക്ഷനായി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, കവലകള്‍, കോളനികള്‍ തുടങ്ങിയ ഇടങ്ങള്‍ അണുവിമുക്തമാക്കുക, കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കുക, ആശുപത്രിയിലേക്ക് പോകുന്നതിന് വാഹനസൗകര്യം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുക, ബ്ലോക്ക് തല കോള്‍ സെന്ററിലെത്തുന്ന കോളുകള്‍ അറ്റന്റ് ചെയ്യുകയും ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചുനല്‍കുകുയം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ സേന നിര്‍വഹിക്കുക. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എട്ടു പഞ്ചായത്തുകളില്‍ 25 അംഗ സന്നദ്ധ സേനയുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ പരിശീലനം ഇതിനകം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സന്നദ്ധ സേന പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം വിതരണം ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജുവും തിരിച്ചറിയല്‍  കാര്‍ഡ് വിതരണം ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദനും നിര്‍വഹിച്ചു.

You may also like

Leave a Comment

You cannot copy content of this page