ഭിന്നശേഷിക്കാര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ യജ്ഞം 29ന്

by admin

post

കോഴിക്കോട്: ജില്ലയില്‍ 18 നും 44 വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മെയ് 29നാണ് യജ്ഞം.

  സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി  ഇത്തരത്തിലൊരു വാക്സിനേഷന്‍ യജ്ഞം നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി, സാമൂഹ്യ സുരക്ഷന്‍ മിഷന്‍ എന്നിവ സംയുക്തമായാണ് യജ്ഞം സംഘടിപ്പിക്കുന്നത്.  പതിനയ്യായിരത്തോളം ഭിന്നശേഷിക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യകേന്ദ്രങ്ങളടക്കമുള്ള 100 കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന്‍ വിതരണം. ഓരോ പഞ്ചായത്തിലും ക്യാമ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്.

തൊട്ടടുത്തുള്ള അങ്കണവാടിയുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ നടത്താം.  ജില്ലയിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കാണ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ ചുമതല. ഓരോ പ്രദേശത്തെയും അങ്കണവാടി വര്‍ക്കര്‍മാര്‍ അതതു മേഖലയില്‍ വരുന്ന ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും.  ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് പൂര്‍ണമായും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക.  എന്തെങ്കിലും കാരണത്താല്‍ ഈ ദിവസം വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് പിന്നീട് സാധാരണ നിലയില്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി മരുന്ന് സ്വീകരിക്കാമെന്നും  ഇവര്‍ക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page