തിരുവനന്തപുരം: സ്‌കൂളുകളിലെ 2021-22 അധ്യയനവര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈവര്‍ഷം വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വെര്‍ച്വല്‍ പ്രവേശനോത്സവം രണ്ടുതലങ്ങളിലായാണ്. ജൂണ്‍ ഒന്നിന് രാവിലെ 10 മുതല്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 11 മണി മുതല്‍ സ്‌കൂള്‍തല പ്രവേശനോത്സവചടങ്ങുകള്‍ വെര്‍ച്വലായി ആരംഭിക്കും. ജനപ്രതിനിധികളും പ്രഥമാധ്യാപകരും ആശംസകള്‍ നേരും. കുട്ടികളെ സകുടുംബം പരിപാടികളുടെ ഭാഗമാക്കും.
അധ്യയനവര്‍ഷം ആരംഭിച്ചാലും കോവിഡ് പശ്ചാത്തലത്തില്‍ മുന്‍വര്‍ഷത്തെപ്പോലെ ഡിജിറ്റല്‍ ക്ലാസുകളാണ് നടത്തുക. ഇതിനായി കൈറ്റ്-വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. മുന്‍വര്‍ഷത്തെ ക്ലാസുകള്‍ ആവശ്യമായ ഭേദഗതി വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടാകും ഈ വര്‍ഷത്തെ സംപ്രേഷണം.
ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുതകുന്ന ക്ലാസുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസുകളുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളുമായിരിക്കും നല്‍കുക.
ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖലാ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മുന്‍വര്‍ഷം ഏതാണ്ട് പൂര്‍ണമായും ചാനല്‍ അധിഷ്ഠിതമായിരുന്നു ക്ലാസ് എങ്കില്‍ ഈവര്‍ഷം സ്‌കൂള്‍തല അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയും തയാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തില്‍ നടപ്പാക്കും. ഇതിനായി അധ്യാപകര്‍ സ്‌കൂളിലെത്തി സ്‌കൂളിലെ ഐ.ടി സൗകര്യം കൂടി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബുവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.