ന്യൂനപക്ഷാനുകൂല്ല്യങ്ങളിലെ 80:20 അനുപാതം എടുത്ത കളയണമെന്ന ഹൈക്കോടതി വിധി സര്‍ക്കാരിന് തലവേദനയാകുമെന്നുറപ്പ്. എന്നാല്‍ പ്രതിപക്ഷത്തുള്ള യുഡിഎഫിനും ഈ വിഷയത്തില്‍ ഒരു പൊതു അഭിപ്രായത്തിലൂടെ വിശദീകരണം നല്‍കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും എന്നാണ് ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നത്.
വിധി വന്നയുടന്‍ തന്നെ മുസ്ലീംലീഗ് ഈ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. 80 :20 എന്ന രീതിയിലല്ല മറിച്ച് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ 100 ശതമാനവും മുസ്ലീംസമുദായത്തിനുള്ളതാണെന്നും ഈ വിഷയത്തില്‍ അപ്പീല്‍
പോകുമെന്നുമാണ് ലീഗ് പറഞ്ഞത്.
എന്നാല്‍ യുഡിഎഫിലെ മറ്റൊരു ഘടക കക്ഷിയായി കേരളാ കോണ്‍ഗ്രസ് കോടതി വിധിയെ സ്വാഗതം ചെയ്തു. എല്ലാ വശങ്ങളും പഠിച്ച ശേഷമുള്ളതാണ് ഹൈക്കോടതി വിധിയെന്നും ഇത് സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നുമാണ് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് പ്രതികരിച്ചത്. ഓരോ സമുദായങ്ങള്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ നടത്തേണ്ടതെന്നും പിന്നോക്കാവസ്ഥയെക്കുറിച്ച് പിന്നീട് പഠിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിന് ഘടകകക്ഷികളുടെ വിത്യസ്താഭിപ്രായങ്ങള്‍ തലവേദനയാകും. ജോസഫിനെ അനുകൂലിച്ചാല്‍ ലീഗ് എതിര്‍ക്കും. ലീഗിനെ അനുകൂലിച്ചാല്‍ ജോസഫും കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കായ ക്രൈസ്തവ സമൂഹത്തെയും പിണക്കേണ്ടി വരും. പക്ഷെ യുഡിഎഫിലെ സമീപകാല തീരുമാനങ്ങള്‍ എല്ലാം തന്നെ ലീഗിനെ പിണക്കാതെയുള്ളതായിരുന്നുവെന്നതിനാല്‍ ഈ വിഷയത്തിലും മറിച്ചൊരു തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ല.
ജോബിന്‍സ് തോമസ്