തിരുവനന്തപുരം: താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ ഒരു മാസത്തിനുള്ളില്‍ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, സിവില്‍ സപ്ലൈസ് ഡയറക്ട്രേറ്റ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ നല്‍കുന്ന പരാതികള്‍ മോണിറ്റര്‍ ചെയ്യാന്‍ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. ഉദ്യോഗസ്ഥന്റെ പേരും ഫോണ്‍ നമ്പറും ജനങ്ങള്‍ക്ക് ലഭ്യമാക്കും. നിലവില്‍ പരാതി സമര്‍പ്പിക്കാനുള്ള ടോള്‍ഫ്രീ നമ്പറായ 1967 നെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തും. min.food@kerala.gov.in എന്ന മെയിലിലൂടെ മന്ത്രിക്ക് നേരിട്ടും പരാതി സമര്‍പ്പിക്കാം.
കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രി പൊതുജനങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം. ഫോണിലൂടെയും സൂം മീറ്റിലൂടെയും നൂറു കണക്കിന് ആളുകളാണ് പരാതികളും നിര്‍ദ്ദേശങ്ങളും അറിയിച്ചത്. ഇതില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചില്ലെന്ന പരാതികളും ഉണ്ടായിരുന്നു. ദീര്‍ഘകാലമായി റേഷന്‍ കാര്‍ഡ് ലഭിക്കാതിരുന്ന ചില കേസുകളില്‍ അടിയന്തര നടപടി സ്വീകരിച്ച് റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ജനങ്ങളുമായി സംവദിക്കുന്നത് തുടരാനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് മുതല്‍ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ ഫോണ്‍ ഇന്‍ പരിപാടി നടത്തും. ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗല്‍ മെട്രോളജി വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ക്ക് മന്ത്രിയെ ഇതിലൂടെ നേരിട്ട് അറിയിക്കാം.
നെല്ലു സംഭരണം കൂടുതല്‍ കര്‍ഷക സൗഹൃദമാക്കി കൃത്യസമയത്ത് സംഭരിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് 22 ഇനം ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന സൗജന്യ കിറ്റ് നല്‍കാന്‍ ഇതിനകം സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി പി. വേണുഗോപാല്‍, ഡയറക്ടര്‍ ഹരിത വി. കുമാര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ.ടി. വര്‍ഗീസ് പണിക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.