സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

by admin

post

കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും- മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2021-22 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

2021-22 അധ്യയനവര്‍ഷത്തില്‍ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠപുസ്തകങ്ങള്‍ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്. 13,064 സൊസൈറ്റികള്‍ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. കോവിഡ് മഹാമാരി വ്യാപനം നിലനില്‍ക്കെതന്നെ പാഠപുസ്തക വിതരണത്തിന് ലോക്ഡൗണില്‍ പ്രത്യേക ഇളവ് ലഭിച്ചതിനാല്‍ ഇരുപത്തിനാലാം തീയതി മുതല്‍ വീണ്ടും പുസ്തക വിതരണം ആരംഭിച്ചു. ആകെ 9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിലേക്കായി സജ്ജമാക്കിയത്. യൂണിഫോം നല്‍കാത്ത കുട്ടികള്‍ക്ക് യൂണിഫോം അലവന്‍സ് ആയി 600 രൂപ ക്രമത്തില്‍ നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി പുസ്തകവും യൂണിഫോമും നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി അഡ്വ പി. രാജീവ് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തും സമയബന്ധിതമായി യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിയുമെന്ന ആത്മവിശ്വാസം എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ നേട്ടമാണ് ഇതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ ജി.ആര്‍ അനിലും ചടങ്ങില്‍ അധ്യക്ഷന്‍ ആയിരുന്ന ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവും വ്യക്തമാക്കി.

ഒന്നാം ക്ലാസിലെ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി വി കൗശലിന്റെ മാതാവ് എസ് അശ്വതിക്ക് നല്‍കി നിര്‍വഹിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു കാവ്യ.എം എന്ന വിദ്യാര്‍ത്ഥിനിയുടെ പിതാവ് എം. മഹേഷിന് നല്‍കി നിര്‍വഹിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ ദേവയാനി ഡി എന്ന വിദ്യാര്‍ത്ഥിനിയുടെ മാതാവ് സിഎസ് അരുണയ്ക്ക് നല്‍കി നിര്‍വഹിച്ചു. നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സുരേഷിന്റെ പിതാവ് സുരേഷിന് നല്‍കി നിര്‍വഹിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി സാറാ നിവാസിന്റെ പിതാവ് എം.എസ് നിവാസിന് നല്‍കി നിര്‍വഹിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ: എ.പി കുട്ടികൃഷ്ണന്‍ ശ്രീധി എസ്. കുമാറിന്റെ പിതാവ് എ. ശ്രീകുമാറിന് നല്‍കി നിര്‍വഹിച്ചു.

You may also like

Leave a Comment

You cannot copy content of this page