കരുതല്‍ ശുചീകരണം ജൂണ്‍ 4, 5, 6 തീയതികളില്‍
പത്തനംതിട്ട : ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന കരുതല്‍ ശുചീകരണ പരിപാടികളില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും ജന പ്രതിനിധികള്‍ നേരിട്ട് പങ്കാളികളാകണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ്വ ശുചീകരണം, കോവിഡ് പ്രതിരോധം, പ്രകൃതിക്ഷോഭം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ജൂണ്‍ നാലിന് തൊഴിലിടങ്ങളിലെ ശുചീകരണവും, അഞ്ചിന് പൊതുസ്ഥലങ്ങളിലെ ശുചീകരണവും ആറിന് വീടുകളിലെ ശുചീകരണവുമാണ് നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല എന്ന നിലയില്‍ ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ടുകൊണ്ട് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
മാലിന്യം നീക്കം ചെയ്യുന്നത് പ്രധാന ഘടകമാണ്. എല്ലാവര്‍ക്കും അതില്‍ ഉത്തരവാദിത്വമുണ്ട്. കോവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കി അഞ്ചു പേര്‍ അടങ്ങുന്ന ടീമുകളായിട്ടാകണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പ്രാദേശിക വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കണം. കരുതല്‍ ശുചീകരണത്തിന്റെ ഭാഗമായി നടത്തേണ്ട കര്‍മ്മ പരിപാടികള്‍ എന്തൊക്കെയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണം. എവിടെയൊക്കെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തും, അവ ആര് നയിക്കും, അഞ്ച് അംഗങ്ങളുള്ള എത്ര ടീമുകള്‍ എന്നിവ മുന്‍കൂട്ടി തീരുമാനിക്കണം. പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്യണം.
തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള എന്നീ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹരിത കര്‍മ്മസേന ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്കുവേണ്ട ഗ്ലൗസ്, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങള്‍ ഓരോ ടീമിനും ലഭ്യമാക്കണം.
റവന്യൂ, ആരോഗ്യം, പി.ഡബ്ല്യു.ഡി, ചെറുകിട ജലസേചനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. വെള്ളപൊക്ക സാധ്യത ജില്ലയില്‍ കൂടുതലായതിനാല്‍ എല്ലാവരും അതു മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. എല്ലാ വാര്‍ഡുകളിലും രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് ഇവരുടെ യോഗം ചേരണം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ട്രീ കമ്മിറ്റി ചേര്‍ന്ന് മുറിച്ച് മാറ്റുകയോ അല്ലെങ്കില്‍ അവയുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണം. പാലിയേറ്റീവ് കിടപ്പു രോഗികള്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.