ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതു മുതല്‍

by admin

post

കൊല്ലം : ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസം നടപ്പിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ഹാര്‍ബര്‍ മാനേജ്‌മെന്റ് സമിതി അംഗങ്ങള്‍ തുടങ്ങിയവരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും നടപ്പിലാക്കുന്ന ട്രോളിങ് നിരോധനത്തോട് മുന്‍വര്‍ഷങ്ങളില്‍ എന്നപോലെ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

നിരോധനം സംബന്ധിച്ച അറിയിപ്പുകള്‍ തീരത്തും കടലിലും നല്‍കും. നിരോധനം ആരംഭിക്കുന്നതിനു മുമ്പ് ട്രോളിങ് ബോട്ടുകള്‍ എല്ലാം നീണ്ടകര പാലത്തിന്റെ കിഴക്ക് വശത്തേക്ക് മാറ്റി പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിപ്പിക്കും. തീരദേശത്തെ എല്ലാ ഡീസല്‍ ബങ്കുകളും നിരോധന വേളയില്‍ അടച്ചിടും. നിരോധനം ബാധകമല്ലാത്ത ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍, മറ്റു ചെറിയ യാനങ്ങള്‍ തുടങ്ങിയവയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്നതിന് ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കല്‍ ഭാഗത്ത് മുന്‍വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകളും പ്രവര്‍ത്തിക്കും. വള്ളങ്ങളുടെ മത്സ്യം വില്‍ക്കുന്നതിന് വേണ്ടി നീണ്ടകര ഹാര്‍ബര്‍ തുറക്കും.

ട്രോളിംഗ് നിരോധനത്തിന് മുമ്പ് കടലില്‍ പോകുന്ന ബോട്ടുകളില്‍ 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്നവയ്ക്ക് ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യം ഇറക്കി വിപണനം നടത്താനുള്ള സൗകര്യം ഒരുക്കും. മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനും ആയി നീണ്ടകരയിലും അഴീക്കലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കടല്‍ സുരക്ഷാ സ്‌ക്വാഡിന്റെയും മറൈന്‍ പോലീസിന്റെയും സേവനം 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ട്. കോസ്റ്റല്‍ പോലീസിന്റെ സ്പീഡ് ബോട്ടും സജ്ജമാണ്. ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീരം വിട്ട് പോകണം. ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവല്‍കൃത യാനങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കും. ഇതിനുള്ള അപേക്ഷ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും.

സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ്  കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, പോലീസ്മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ഹാര്‍ബര്‍ മാനേജ്‌മെന്റ് സമിതി അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You may also like

Leave a Comment

You cannot copy content of this page