പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമല്ല

by admin
പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകില്ലെന്ന് സുപ്രീം കോടതി. പ്രധാനമന്ത്രിയെ തന്റെ യൂട്യൂബ് ചാനലില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ ഹിമാചല്‍ പ്രദേശ് പോലീസ് മാധ്യമപ്രവര്‍ത്തകനായ വിനേദ് ദുവയ്‌ക്കെതിരെ ചാര്‍ജ്ജ് ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിര്‍ണ്ണായക പരാമര്‍ശം നടത്തിയത്. ഹിമാചല്‍ പ്രദേശിലെ ഒരു പ്രാദേശീക ബിജെപി നേതാവിന്റെ പരാതിയിലായിരുന്നു കേസ്.
തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ലഭിക്കാന്‍ പ്രധാനമന്ത്രി മരണങ്ങളേയും ഭീകരാക്രമണങ്ങളേയും ഉപയോഗിക്കുന്നു എന്നായിരുന്നു വിനോദ് ദുവെ തന്റെ യുട്യൂബ് ചാനലിലെ പരിപാടിയിലൂടെ ആരോപിച്ചത്. പൊതു നടപടികളെ വിമര്‍ച്ചതിനോ സര്‍ക്കാര്‍ നടപടികളെക്കുറിച്ചുള്ള അഭിപ്രായത്തിനോ ഒരു പൗരനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താന്‍ കഴിയില്ലെന്ന മുന്‍ വിധിയും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കേഥാര്‍ നാഥ് സിംഗ് vs സ്റ്റേറ്റ് ഓഫ് ബീഹാര്‍ കേസിലെ വിധി ഇന്ത്യയിലുടനീളം പോലീസ് പാലിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എത്ര ശക്തമായ ഭാഷയിലാണെങ്കിലും അത് അഭിപ്രായ പ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള മൗലീകാവകാശമാണെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മേയ് ആറിനാണ് ഷിംല ജില്ലയിലെ കുമാര്‍ സെയ്ന്‍ പോലീസ് സ്‌റ്റേഷനില്‍ വിനോദ് ദുവയ്‌ക്കെതിരെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. പോലീസ് രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ജോബിന്‍സ് തോമസ്

You may also like

Leave a Comment

You cannot copy content of this page