ചവറയിലെ കോവിഡ് ദ്വിതീയ ചികിത്സാ കേന്ദ്രം തയ്യാര്‍
കൊല്ലം : കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കെ. എം.എം.എല്‍ ശങ്കരമംഗലം സ്‌കൂള്‍ ഗ്രൗണ്ടിലെ പന്തലില്‍ സജ്ജമാക്കിയ കോവിഡ് ദ്വിതീയ ചികിത്സാ കേന്ദ്രത്തിന്റ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍.
രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാത്ത വിധത്തില്‍ ചികിത്സയും തടസരഹിത ഓക്‌സിജന്‍ ലഭ്യതയും പരിചരണവും നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. എന്‍.എച്ച്.എം വഴി ജീവനക്കാരെ നിയമിച്ചാലുടന്‍ രോഗികളെ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാനാകും. നൂറോളം ഐ.സി.യു കിടക്കകള്‍ കേന്ദ്രത്തില്‍ ഘട്ടങ്ങളായി സ്ഥാപിക്കും. ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. ഓക്‌സിജന്‍ ഘടിപ്പിച്ച ആംബുലന്‍സ് സൗകര്യം ഉപയോഗിച്ച് ഗുരുതര സാഹചര്യങ്ങളുണ്ടാകുകയാണെങ്കില്‍ കരുനാഗപ്പള്ളി താലൂക് ആശുപത്രിയിലേക്ക് രോഗികളെ മാറ്റാന്‍ സാധിക്കും. ജനപ്രതിനിധികളും തദ്ദേശസ്ഥാപന പ്രതിനിധികളും വിവിധ വകുപ്പുകളും നല്‍കുന്ന പിന്തുണ വളരെ പ്രധാനമാണ്, കലക്ടര്‍ പറഞ്ഞു.
കെ.എം.എം.എല്ലിന്റെ സി.എസ്.ആര്‍ ഫണ്ടുപയോഗിച്ചാണ് സംസ്ഥാനത്തിന് മാതൃകയാകുന്ന തരത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ശങ്കരമംഗലം സ്‌കൂള്‍ ഗ്രൗണ്ടില്‍ 40000 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് ഷെഡുകളിലായി 604 ഓക്‌സിജന്‍ കിടക്കകള്‍ ഒരുക്കി. ബോയ്‌സ് സ്‌കൂള്‍ കെട്ടിടത്തില്‍ 249 കിടക്കകള്‍ നേരത്തെ സജ്ജമാക്കിയിരുന്നു. അഞ്ചു കോടി രൂപയാണ് ചികിത്സാകേന്ദ്രത്തിന്റെ ആകെ ചെലവ്. കെ.എം.എം.എല്‍ പ്ലാന്റില്‍ നിന്നും പൈപ്പ്‌ലൈന്‍ വഴി ചികിത്സാ കേന്ദ്രത്തിലെത്തുന്ന ഓക്‌സിജന്‍ കണ്‍ട്രോള്‍ വാല്‍വിലിലൂടെ കോപ്പര്‍ ട്യൂബിലെത്തുകയും അവിടെ നിന്ന് ഫ്‌ളോമീറ്ററിലൂടെ ഓരോ കിടക്കയിലും ലഭിക്കും.
വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെടാതിരിക്കാനുള്ള സംവിധാനങ്ങളും കേന്ദ്രത്തിലുണ്ട്. തടസരഹിത ഓക്‌സിജന്‍ വിതരണത്തിന് കരുതല്‍ ശേഖരവും സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാരും സദാസജ്ജമാണെന്നും കെ.എം.എം.എല്‍. മാനേജിങ് ഡയറക്ടര്‍ ജെ.ചന്ദ്രബോസ് പറഞ്ഞു. കേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല ജില്ലാ പഞ്ചായത്തിനാണ്. മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് ആരോഗ്യവകുപ്പും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ചവറ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, കെ.എം.എം. എല്‍ ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍, യൂണിറ്റ് ഹെഡ് പി.കെ. മണിക്കുട്ടന്‍, എന്‍.എച്ച്.എം എഞ്ചിനീയര്‍ വേണുഗോപാല്‍, യൂണിയന്‍ നേതാക്കളായ എ.എ. നവാസ്, ആര്‍. ജയകുമാര്‍ ജെ. മനോജ്‌മോന്‍, കെ.എം.എം.എല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.