ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍: മുഖ്യമന്ത്രി

by admin

post

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 4 ന് രാവിലെ 9 മുതല്‍  വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു.  ജൂണ്‍ 4 ന് പാഴ്‌വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ എന്നിവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത്.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

കോവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത്  കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആള്‍ക്കൂട്ടം  ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്‌സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.

You may also like

Leave a Comment

You cannot copy content of this page