ഉമക്കുട്ടി ടീച്ചറെ’ കണ്ട് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; യൂട്യൂബ് വരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം കൈമാറി ആറാം ക്ലാസ് വിദ്യാർത്ഥിനി ഉമ*
ധാരാളം യൂട്യൂബ് ചാനലുകൾ ഉള്ള നാട്ടിൽ “ഉമക്കുട്ടി” എന്ന യൂട്യൂബ് ചാനൽ സവിശേഷശ്രദ്ധ ആകർഷിക്കുകയാണ്. വിനോദ പരിപാടികളോ മറ്റ് യൂട്യൂബ് ചേരുവകളോ അല്ല ‘ഉമക്കുട്ടി’ എന്ന യൂട്യൂബ് ചാനലിന്റെ വിഷയം. സ്വന്തം പാഠഭാഗങ്ങളുമായി ഉമ എന്ന കുട്ടി തന്നെ ടീച്ചർ ആകുന്ന യൂട്യൂബ് ചാനൽ ആണിത്.
ഉമക്കുട്ടിയുടെ വിശേഷം കേട്ടറിഞ്ഞ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആറാം ക്ലാസുകാരിയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിൽ നേരിട്ടെത്തി.തന്റെ യൂട്യൂബ് ചാനലിന്റെ വിഷയങ്ങളും പ്രവർത്തനരീതിയും എല്ലാം ഉമ വിദ്യാഭ്യാസമന്ത്രിയോട് വിവരിച്ചു.
എല്ലാം കേട്ടറിഞ്ഞ മന്ത്രി വി ശിവൻകുട്ടി ഉമക്കുട്ടിയെ അഭിനന്ദിച്ചു.ഉമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി വിശദീകരിച്ചു. ഉമയുടെ കൊച്ചു സ്റ്റുഡിയോയും മന്ത്രി സന്ദർശിച്ചു. യൂട്യൂബ് ചാനൽ വരുമാനത്തിന്റെ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉമ മന്ത്രിക്ക് കൈമാറി.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കേട്ടാണ് ഉമ പാഠങ്ങൾ പഠിക്കുന്നത്. അതിനുശേഷമാണ് അധ്യാപികയാകുന്നത്. അമ്മ അഡ്വ. നമിതയും ടീച്ചറായി ഒപ്പമുണ്ട്. കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റായ അച്ഛൻ ടി കെ സുജിത്തും സഹോദരൻ അമലും സാങ്കേതിക കാര്യങ്ങളിൽ ഉമയെ സഹായിക്കുന്നുണ്ട്. ആറാം ക്ലാസിലെ പാഠങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ഉമക്കുട്ടി ടീച്ചർ.