
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 :20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധിയില്‍ കേരളകോണ്‍ഗ്രസുകള്‍ നിലപാട് വ്യക്തമാക്കി. വിധി എത്രയും വേഗം നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. എല്‍ഡിഎഫിലെ കേരളാ കോണ്‍ഗ്രസ് (എം) , യുഡിഎഫിനൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് ജോസഫ്, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ വിഭാഗങ്ങളാണ് ഈ വിഷയത്തില്‍ ക്രൈസ്തവ വിഭാഗത്തിനനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

യുഡിഎഫിലും അവസ്ഥ വിത്യസ്തമല്ല. രണ്ട് കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളും വിധിക്കനുകൂലമായി നിലപാടെടുത്തപ്പോള്‍ പ്രബല ഘടകകക്ഷിയായ ലീഗ് വിധിക്കെതിരാണ് മാത്രമല്ല വിധിക്കെതിരെ സ്വന്തം നിലയില്‍ സുപ്രീം കോടതിയില്‍ പോകാനും ഇവര്‍ പദ്ധതിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇരു മുന്നണികളിലും ഏകസ്വരത്തില്‍ ഒരഭിപ്രായമില്ല.
വിധി വന്നയുടന്‍ തന്നെ വിധി നടപ്പിലാക്കണമെന്ന ആവശ്യവുമായി പി.ജെ ജോസഫ് രംഗത്ത് വന്നിരുന്നു. എന്നാല്‍ അന്ന് നിലപാട് പറയാതിരുന്ന ജോസ് കെ. മാണിയും അനൂപ് ജേക്കബും സര്‍വ്വകക്ഷിയോഗത്തിലാണ് തങ്ങളുടെ നിലപാട് അറിയിച്ചത്. ഇതിനു പിന്നാലെ വിധി നടപ്പിലാക്കണമെന്ന് സൈബര്‍ ഇടങ്ങളിലും കേരളാ കോണ്‍ഗ്രസുകള്‍ ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങി കഴിഞ്ഞു.
വിധിയെ അനുകൂലിച്ച് രംഗത്ത് വന്ന മൂന്ന് കേരളാ കോണ്‍ഗ്രസുകളുടേയും രാഷ്ട്രീയാടിത്തറ ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. വിധി നടപ്പിലാക്കണമെന്ന് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ശക്തമായ നിലപാടെടുക്കുമ്പോള്‍ ഇതവഗണിക്കാന്‍ ഈ കേരളാ കോണ്‍ഗ്രസുകള്‍ക്ക് കഴിയില്ല. വിഷയത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും വിത്യസ്ത നിലപാട് സ്വീകരിച്ചതോടെ സമവായത്തിന്റെ വഴിയിലെത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവില്‍ ഇക്കാര്യത്തില്‍ പഠനം നടത്താന്‍ വിദഗ്ദ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍.