പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യന്റെ പ്രശ്‌നങ്ങൾക്കും പരിഹാരമാകൂ: മന്ത്രി പി. പ്രസാദ്

by admin

P Prasad

ജില്ലാ പഞ്ചായത്തിന്റെ ‘ഭൂമിക്കൊരു പുതപ്പ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കം

ആലപ്പുഴ: പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകൂവെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആലപ്പുഴ ജില്ലയിലെ കാർബൺ ന്യൂട്രൽ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ഭൂമിക്കൊരു പുതപ്പ്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് നിർവഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ പരിസ്ഥിതി നമ്മളിൽനിന്ന് അന്യമാണെന്നതായിരുന്നു എല്ലാവരുടെയും ധാരണ. എന്നാൽ ആഗോളതാപനമടക്കം നമ്മെ പലരൂപത്തിൽ ബാധിക്കുന്നു. പരമ്പരാഗത കാലാവസ്ഥ തകിടം മറിഞ്ഞു. പ്രകൃതിക്ക് വല്ലാത്ത പരുക്ക് പറ്റിയിരിക്കുന്നു. വെള്ളവും വായുവുമടക്കം പ്രകൃതിയുടെ ജീവനഘടകങ്ങളിലൊന്നിന് പോലും സംഭവിക്കുന്ന കുഴപ്പം മനുഷ്യനെയും ബാധിക്കും. പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്കും പരിഹാരമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ. ശോഭ, വത്സല മോഹൻ, എം.വി. പ്രിയ ടീച്ചർ, അഡ്വ. ടി.എസ്. താഹ, ജില്ല പഞ്ചായത്തംഗങ്ങളായ അഡ്വ. പി.എസ്. ഷാജി, വി. ഉത്തമൻ, അഡ്വ. ആർ. റിയാസ്, സെക്രട്ടറി കെ.ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ അഞ്ചു വർഷംകൊണ്ട് ആലപ്പുഴയെ കാർബൺ നൂട്രൽ ജില്ലയായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

You may also like

Leave a Comment

You cannot copy content of this page