സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സർക്കാർ നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി

by admin

 

മനുഷ്യനും പ്രകൃതിയും പരസ്പര പൂരിതം ആണെന്നും സുസ്ഥിരമായ ഒരു വികസന മാർഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ഇ. എൻ. വി. ഐ. എസ് ഹബും ചേർന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനമെന്നാൽ കേവലം വ്യവസായവൽക്കരണം മാത്രമല്ല, നാടിന് ആവശ്യമുള്ള കൃഷി, മാലിന്യ സംസ്‌കരണം തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് സമയബന്ധിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. കാലാവസ്ഥ പ്രതിരോധശേഷിയുള്ള പാർപ്പിട രീതി നടപ്പിലാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.  പൊതുഗതാഗതരംഗം പ്രകൃതി സൗഹൃദം ആക്കുന്നതിനായി ഹരിത ഇന്ധനത്തിലേക്ക് മാറേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യം ഒരു വലിയ പരിസ്ഥിതി പ്രശ്‌നമാണ്. അത് പരിഹരിക്കുന്നതിനായി ശാസ്ത്രീയ പരിപാലന പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ വി. വേണു അധ്യക്ഷനായിരുന്നു. മുൻ പിസിസി എഫ് സി വി കെ ഉണ്ണിയാൽ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്  പ്രൊഫസർ കെ പി സുധീർ , ആസൂത്രണ ബോർഡ് മുൻ അംഗം ജയരാമൻ,  സംസ്ഥാന മലിനീകരണ ബോർഡ് ചെയർമാൻ പ്രദീപ് കുമാർ, പരിസ്ഥിതി വകുപ്പ് ഡയറക്ടർ എസ് ചന്ദ്രശേഖർ, ജെ. എൻ. ടി. ബി. ജി. ആർ. ഐ  ഡയറക്ടർ ഡോ. ആർ പ്രകാശ് കുമാർ,  കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, സി ഡബ്ല്യു ആർ ഡി എം ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സീനിയർ സൈൻറ്റിസ്റ്റ് ഡോ. പ്രദീപ് കുമാർ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രിൻസിപ്പൽ സൈൻറ്റിസ്റ്റ് ഡോ.  പി ഹരിനാരായണൻ എന്നിവർ സംസാരിച്ചു.

You may also like

Leave a Comment

You cannot copy content of this page