പ്രതിസന്ധി ഘട്ടത്തിലും നൂറുമേനി കൊയ്‌തെടുത്ത് പാലമേലിലെ നെല്ല് കര്‍ഷകര്‍

by admin

post

കൊയ്‌തെടുത്ത് 500 ടണ്‍ നെല്ല്

ആലപ്പുഴ : കോവിഡ് മഹാമാരിയും കാലം തെറ്റി പെയ്ത മഴയും പ്രതിസന്ധിയിലാക്കുമ്പോഴും കൂട്ടായ പരിശ്രമത്തിലൂടെ നൂറുമേനി കൊയ്‌തെടുത്തിരിക്കുകയാണ് പാലമേലിലെ നെല്ല് കര്‍ഷകര്‍. 500 ടണ്‍ നെല്ലാണ് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ നിന്നായി കൊയ്‌തെടുത്തത്. 450 ടണ്‍ നെല്ല് സപ്ലൈക്കോയ്ക്ക് നല്‍കി.

തരിശായി കിടന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ 151 എക്കര്‍ പാടശേഖരങ്ങളിലാണ് കര്‍ഷകര്‍ കൃഷി ഭവന്റെയും പഞ്ചായത്തിന്റേയും പിന്തുണയോടെ ഇക്കുറി കൃഷിയിറക്കിയത്. നെല്ല് കൃഷിക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച് വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന കരിങ്ങാലി പുഞ്ചയിലും ഇത്തവണ കൃഷിയിറക്കിയിരുന്നു. കരിങ്ങാലി പുഞ്ചയിലെ 64.74 ഏക്കര്‍ നിലത്താണ് മുതുക്കാട്ട്കര, ഉളവുകാട്, കരിങ്ങാലി പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ കൃഷി ഇറക്കിയത്.

പഞ്ചായത്തിലെ പള്ളിക്കല്‍, പയ്യനല്ലൂര്‍, മുതുകാട്ടുകര, ഉളവുകാട്, കുടശനാട്, കരിങ്ങാലിച്ചാല്‍ പാടശേഖരങ്ങളില്‍ പരമ്പരാഗത വിത്തിനങ്ങളായ ത്രിവേണി, ജ്യോതി, ഉമ, മനുരത്‌ന എന്നിവയാണ് കൃഷിചെയ്തത്. ഇവയ്ക്ക് പുറമെ വയനാടന്‍ പടശേഖരങ്ങളില്‍ മാത്രം കൃഷി ഇറക്കാറുള്ള മല്ലികുറുമ്പ, ആസ്സാം ബ്ലാക്ക്, രാംലി, നസ്സര്‍ഭാത്ത്, കമുകിന് പൂത്താല എന്നിവയും കൃഷിയിറക്കി നേട്ടം കൈവരിച്ചു.

വിളവെടുപ്പിന് പാകമായ സമയത്ത് പെയ്ത മഴ പടശേഖരങ്ങളെ വെള്ളത്തിലാക്കിയെങ്കിലും പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാറിന്റെ ഇടപെടലിലൂടെ മോട്ടോര്‍ എത്തിച്ച് വെള്ളം വറ്റിച്ച് കൃഷിയെ സംരക്ഷിക്കാന്‍ സാധിച്ചു. പാലമേല്‍ കൃഷിഭവനും, കൃഷിവകുപ്പും, പഞ്ചായത്തും നല്‍കുന്ന പിന്തുണയാണ് കര്‍ഷകര്‍ക്ക് തരിശുനിലങ്ങളില്‍ പോലും കൃഷി ഇറക്കാന്‍ പ്രചോദനമായത്. കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും പരിശ്രമങ്ങളുമായി പാലമേല്‍ കൃഷി ഭവന്‍ കൃഷി ഓഫീസര്‍ പി. രാജശ്രീ, ചാരമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രജനി എന്നിവരും ഒപ്പമുണ്ട്.

പാടശേഖര സമിതിയുടെ ആത്മാര്‍ഥമായ സഹകരണവും പരിശ്രമവും പഞ്ചായത്തിന്റെ ഇടപെടലും മൂലം തരിശുനിലങ്ങളില്‍ പോലും നൂറുമേനി വിളയിക്കാന്‍ കഴിഞ്ഞുവെന്നും പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഈ വിളവെടുപ്പ് കര്‍ഷകര്‍ക്ക് അടുത്ത കൃഷി ഇറക്കാന്‍ കൂടുതല്‍ ഊര്‍ജ്ജമായിരിക്കുകയാണെന്നും പാലമേല്‍ കൃഷി ഓഫീസര്‍ പി. രാജശ്രീ പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page