പത്തനംതിട്ട : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സാ പദ്ധതി തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. കോവിഡാനന്തര ചികിത്സാ പദ്ധതിയായ പുനര്‍ജനിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നത്.
കോവിഡ് രോഗമുക്തരായവര്‍ക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനുളള സൗജന്യ ആയുര്‍വേദ ചികിത്സാ പദ്ധതിയാണ് പുനര്‍ജനി. ശാരീരികവും മാനസികവുമായ ആരോഗ്യം വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ ശരീരത്തിലെ സ്വാഭാവിക പ്രതിരോധം വീണ്ടെടുക്കാനുള്ള മരുന്നുകളും, രസായന ചികിത്സയും ജീവിതശൈലി ക്രമീകരണങ്ങളും, യോഗയും ഉള്‍പ്പെടും. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും പുനര്‍ജനി പദ്ധതി പ്രകാരം സേവനം ലഭ്യമാണ്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ്, ഭാരതീയചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. ശ്രീകുമാര്‍, ഡോ. എം. മനോജ്, ഡോ.പി.എസ്. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.