കോളനികളില്‍ ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം

by admin

k-rajan-

റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം ചെമ്പങ്കണ്ടം, ഒളകര മേഖലകള്‍ സന്ദര്‍ശിച്ച് കലക്ടര്‍

തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന മേഖലകളില്‍ അടിയന്തര പരിഹാരവുമായി ജില്ലാ ഭരണകൂടം. ചെമ്പങ്കണ്ടം, ഒളകര മേഖലകള്‍ സന്ദര്‍ശിച്ച കലക്ടര്‍ എസ് ഷാനവാസ് നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചു. റവന്യൂ മന്ത്രി കെ രാജന്റെ നിര്‍ദ്ദേശപ്രകാരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കലക്ടര്‍ നേരിട്ടെത്തി പ്രദേശവാസികളും പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയത്. ചെമ്പങ്കണ്ടത്ത് ഉടന്‍ പുതിയ ടവര്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വിദൂര വനമേഖലയായ ഒളകരയില്‍ സമീപ ടവറുകള്‍ ബൂസ്റ്റ് ചെയ്തോ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴിയോ നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍, ബി എസ് എന്‍ എല്‍, കെ എസ് ഇ ബി പ്രതിനിധികള്‍, ഡി എഫ് ഒ എന്നിവരുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്ന് പലയിടത്തും വിവിധ സര്‍വ്വീസ് ദാതാക്കള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ കഴിയുമെന്ന് മനസിലാക്കാന്‍ കഴിഞ്ഞതായും കലക്ടര്‍ അറിയിച്ചു.

post

തൃശൂര്‍ ജില്ലയില്‍ 60 പഞ്ചായത്തുകളിലായി 543 ഓളം പ്രദേശങ്ങളിലാണ് നിലവില്‍ ഇന്റര്‍നെറ്റ് ലഭ്യതക്കുറവ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 24 എണ്ണം ആദിവാസി കോളനികളാണ്. ദുര്‍ബലമായ ഇന്റര്‍നെറ്റ് മൂലം ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രിയും കലക്ടറും ടെലികോം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ടവറുകള്‍, ബൂസ്റ്റര്‍ ടവറുകള്‍ എന്നിവ സ്ഥാപിക്കുവാനും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കാനും ധാരണയായിരുന്നു.

വനമേഖലകളില്‍ ഇന്റര്‍നെറ്റ് ലഭിക്കാന്‍ സാധ്യത കുറവുള്ള പ്രദേശങ്ങളില്‍ പബ്ലിക് യൂട്ടിലിറ്റി ബില്‍ഡിങ്ങുകളില്‍ വൈഫൈ സ്പോട്ട് നല്‍കി പഠനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ട് പോകാനുള്ള നിര്‍ദ്ദേശങ്ങളും ടെലികോം അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു. ഇത്തരം സാധ്യതകള്‍ നേരിട്ട് മനസ്സിലാക്കാന്‍ കൂടിയായിരുന്നു കലക്ടറുടെ സന്ദര്‍ശനം.

 

You may also like

Leave a Comment

You cannot copy content of this page