ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന മേഖലകളിലും മാർച്ച് 15 മുതൽ സ്ഥിരം വാക്സിനേഷൻ കേന്ദ്രങ്ങൾ

by admin

post

കോട്ടയം: ജില്ലയിൽ മാര്‍ച്ച് 15 മുതല്‍ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന  അറിയിച്ചു.60 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം.

ആരോഗ്യ കേന്ദ്രങ്ങൾക്കു പുറമെ തെരഞ്ഞെടുക്കപ്പെട്ട പൊതു സ്ഥാപനങ്ങളിലും  16  സ്വകാര്യ ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാകും. വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ രജിസ്ട്രേഷന്‍ വേളയില്‍ പോർട്ടലിൽനിന്ന്  അറിയാൻ കഴിയും.

ജനറൽ, താലൂക്ക് ആശുപത്രികളിലും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി  ദിവസങ്ങളിൽ വാക്‌സിന്‍ നല്‍കും.   പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആഴ്ച്ചയിൽ രണ്ടു ദിവസമായിരിക്കും വിതരണം. എല്ലാ സർക്കർ ആരോഗ്യ കേന്ദ്രങ്ങളിലും പൊതു സ്ഥാപനങ്ങളിലും  വാക്സിൻ സൗജന്യമായിരിക്കും.  സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.

www.cowin.gov.in എന്ന പോർട്ടലിൽ ഫോൺ നമ്പർ, ആധാർ അല്ലെങ്കിൽ മറ്റു അംഗീകൃത തിരിച്ചറിയൽ രേഖയുടെ നമ്പർ എന്നിവ നല്‍കി രജിസ്റ്റർ ചെയ്ത്  അനുവദിക്കപ്പെടുന്ന കേന്ദ്രത്തില്‍ എത്തുന്നതാണ് അഭികാമ്യം. പ്രായമായവര്‍ക്കൊപ്പം ആവശ്യമെങ്കിൽ ഒരാൾ മാത്രം   വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.  സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സർക്കാർ നിശ്ച്ചയിച്ച മുൻഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കു മാത്രമാകും ഈ ഘട്ടത്തിൽ വാക്സിൻ നൽകുക.

ഓൺലൈൻ രജിസ്ട്രേഷൻ  നടത്താൻ കഴിയാത്തവർ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി നേരത്തെ ബന്ധപ്പെട്ട് തിരക്കില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വാക്സിന്‍ സ്വീകരിക്കുന്നതിനായി എത്തേണ്ടതാണ്.

You may also like

Leave a Comment

You cannot copy content of this page