ഉറവുംപാടത്ത് ഫെന്‍സിങ് സ്ഥാപിക്കും ; കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് ഉടന്‍ പരിഹാരം കാണും : മന്ത്രി കെ രാജന്‍

by admin

തൃശ്ശൂർ:   ഉറുവുംപാടത്തെ കാട്ടാന ആക്രമണത്തിന് തടയിടാന്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കര്‍ഷകരുടെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉറുവുംപാടത്ത് കാട്ടാന ആക്രമണം നടന്ന പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറവുംപാടത്ത് കാട്ടാനയിറങ്ങുന്ന ഭാഗത്ത് ഒന്നര കിലോമീറ്റര്‍ ദൂരത്ത് ഫെന്‍സിങ് സ്ഥാപിക്കാനുള്ള ടെന്‍റര്‍ സ്വീകരിച്ചു. പ്രദേശത്തെ വൈദ്യുതി പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തും. മേഖലയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഒരു മാസത്തിനുള്ളില്‍ പോസ്റ്റ് ഇടാനുള്ള നടപടി സ്വീകരിക്കും.

പഞ്ചായത്ത് ഫണ്ടിന് പുറമെ ബാക്കി തുക എം എല്‍ എ ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് മന്ത്രി കെ.രാജന്‍ ഉറപ്പ് നല്‍കി. കൂടാതെ വാച്ചര്‍മാരെ ഈ പ്രദേശത്ത് സജ്ജമാക്കുമെന്നും ഇവര്‍ക്കാവശ്യമായ സുരക്ഷ സമഗ്രികള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ കിഴക്കന്‍ മലയോര മേഖലയില്‍ കാട്ടാന ഇറങ്ങുന്ന സാഹചര്യത്തില്‍ ഫോറസ്റ്റിന്‍റെ പട്രോളിങ് ഈ പ്രദേശത്ത് പ്രത്യേകമായി കേന്ദ്രീകരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ രവി, പഞ്ചായത്ത് പ്രസിഡന്‍റ് പി പി രവീന്ദ്രന്‍, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ രാജേഷ്, അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എം.എ അനീഷ്, തൃശൂര്‍ ഡി എഫ് ഒ ജയശങ്കര്‍, പട്ടിക്കാട് റേഞ്ച് ഓഫീസര്‍ പ്രസാദ്, പ്രദേശവാസികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

You may also like

Leave a Comment

You cannot copy content of this page