കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടർ ആന്റ് സാനിറ്റേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഒന്നാം ഘട്ടത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങൾ ശുചിത്വനിലവാര നിർണ്ണയത്തിൽ ഒഡിഎഫ് പ്ലസ് വിഭാഗത്തിലേക്കുയർത്തിയ നേട്ടങ്ങൾ വരച്ചു കാട്ടുകയാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.
10 വയസ്സിനുമുകളിൽ പ്രായമുള്ള ഇന്ത്യൻ പൗരൻമാർക്കും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും എൻ.ജി.ഒകൾക്കും പങ്കെടുക്കാം. ഒരു മിനിറ്റു മുതൽ അഞ്ചു മിനിറ്റുവരെയുള്ള ഷോർട്ട് ഫിലിമുകളാണ് പരിഗണിക്കുന്നത്. ഏതു ഇന്ത്യൻ ഭാഷകളിലും ചിത്രീകരിക്കാം. 35 ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസാണ് വിവിധ വിഭാഗങ്ങളിലെ മത്സര വിജയികൾക്കായി മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
ഒഡിഎഫ് പ്ലസിന്റെ ആറ് ഘടകങ്ങൾ ജൈവമാലിന്യ പരിപാലനം, ഗോബർധൻ, പ്ലാസ്റ്റിക് മാലിന്യ പരിപാലനം, ഗ്രേവാട്ടർ പരിപാലനം, കക്കൂസ് മാലിന്യ പരിപാലനം, ശുചിത്വ-പെരുമാറ്റത്തിലുണ്ടായ മാറ്റം എന്നിവ പ്രമേയം.
സിനിമകൾ ഒരു സമഗ്ര സ്വച്ഛതാ(ശുചിത്വ)സന്ദേശം പകർത്തണം. അഞ്ച് ഭൂമിശാസ്ത്രപരമായ ഭൂപ്രദേശങ്ങളിൽ മരുഭൂമി, മലയോര പ്രദേശം, തീരപ്രദേശങ്ങൾ, സമതലങ്ങൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശം എന്നിങ്ങനെയുള്ള വിവിധ പ്രദേശങ്ങളായി തിരിച്ച് ഗ്രാമപ്രദേശങ്ങളിൽ ഖര അല്ലെങ്കിൽ ദ്രവ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട നൂതന പരിഹാരങ്ങൾ നൽകണം.
മത്സരത്തിൽ പങ്കെടുക്കുന്നതിനായി തയ്യാറാക്കുന്ന വീഡിയോകൾ യൂ ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് ആയതിന്റെ ലിങ്ക് www.mygov.in എന്ന പോർട്ടലിലെ https://innovativeindia.mygov.in/sbmg-innovation-challenge/ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം. അവസാന തീയതി ആഗസ്റ്റ് 15.