വെള്ളപ്പൊക്ക കാരണം വല്ലാർപാടം റെയിൽ പാതയുടെ താൽക്കാലിക ബണ്ടെന്ന് പഠന റിപ്പോർട്ട്; ബണ്ട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്

by admin

Kerala Police Act amendment പിണറായി തള്ളിപ്പറയുന്നത് സ്വന്തം പാര്‍ട്ടിയുടെ സമരത്തെയാണ്, മുന്‍കാലപ്രാബല്യത്തോടെ | സെബിൻ എ ജേക്കബ്​ | TrueCopy Think

വെള്ളപ്പൊക്ക കാരണം വല്ലാർപാടം റെയിൽ പാതയുടെ താൽക്കാലിക ബണ്ടെന്ന് പഠന റിപ്പോർട്ട്; ബണ്ട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് കളമശ്ശേരി, ഏലൂർ,  മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ  വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള  റെയിൽപാതയുടെ  ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ടും നിർമ്മാണ അവശിഷ്ടങ്ങളും ആണെന്ന് ജലവിഭവ വകുപ്പിന്റെ  അന്വേഷണ റിപ്പോർട്ട്. താൽക്കാലിക ബണ്ടും നിർമ്മാണ അവശിഷ്ടങ്ങളും നീക്കം ചെയ്താൽ മാത്രമേ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും പരിഹാരമാകൂ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവിന്റെ നിർദ്ദേശപ്രകാരം
ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് സംബന്ധിച്ച് സോഷ്യൽ വെൽഫയർ ആക്ഷൻ സൊസൈറ്റി ഉൾപ്പെടെ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് മന്ത്രി പി.രാജീവ് നിർദ്ദേശം നൽകിയത്.

വടുതല ഡോൺ ബോസ്കോ ലൈനിലെ കടവിന് സമീപം, കായലിനു കുറുകെ വല്ലാർപാടത്തേക്കുള്ള റെയിൽവേലൈനിന്റെ ഇരുവശങ്ങളിലും ആണ് നീരൊഴുക്കിന് കാര്യമായ തടസ്സം നേരിടുന്നത്. പെരിയാർ നദിയൊഴുകി കായലുമായി സംഗമിക്കുന്ന സ്ഥാനമാണിത്.റെയിൽവേ പാതയുടെ നിർമ്മാണത്തിനു വേണ്ടി 2009 ൽ ഇവിടെ താൽക്കാലിക ബണ്ട് നിർമ്മിച്ചിരുന്നു. നിർമ്മാണം പൂർത്തിയായ ശേഷവും ഈ ബണ്ട്  നീക്കം ചെയ്തിട്ടില്ല.
നിർമ്മാണത്തിന്റെ ഭാഗമായ അവശിഷ്ടങ്ങളും ഈ ഭാഗത്ത് അടിഞ്ഞു കൂടിയിട്ടുണ്ട്.സുഗമമായ നീരൊഴുക്ക് ഇതുമൂലം തടസ്സപ്പെട്ടു.

റെയിൽവേ തൂണുകളുടെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരം വരെ എക്കലും മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. തടസം മൂലം റെയിൽവേയുടെ ഇരുപതോളം തൂണുകൾക്കിടയിലൂടെയുള്ള പത്തൊൻപത് ഗ്യാപ്പുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് മത്സ്യ ബന്ധനയാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നത്. ഇത് നീക്കിയില്ലെങ്കിൽ ഇനി ഒഴുകി വരുന്ന മാലിന്യങ്ങളും ഇവിടെ അടിഞ്ഞുകൂടി സ്ഥിതി ഗുരുതരമാക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

തടസ്സങ്ങൾ ഒഴിവാക്കി നീരൊഴുക്ക് സുഗമമാക്കിയാൽ പോർട്ട് ട്രസ്റ്റ് നടത്തുന്ന  ഡ്രഡ്ജിങ് പ്രവർത്തനങ്ങൾക്കും സഹായകമാകും.  780 മീറ്റർ വീതിയുള്ള  ഈ ഭാഗത്ത്  തടസ്സം പൂർണമായി മാറ്റുന്നതിന്  15.6 ലക്ഷം ഘനമീറ്റർ ചെളി നീക്കം ചെയ്യണം. ചെളി മാറ്റുന്നതിന് സമീപ ദ്വീപുകളിൽ സ്ഥലം കണ്ടെത്തേണ്ടതുണ്ട്.

ടെർമിനൽ നടത്തിപ്പുകാരായ ഡിപി വേൾഡ്, റെയിൽപാതയുടെ നിർമാണം കരാറെടുത്ത അഫ്കോൺസ് കമ്പനി എന്നിവരെയും
മാലിന്യ നീക്ക പദ്ധതിയുടെ ഭാഗമാക്കി മാറ്റണമെന്നും  റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുമെന്ന് അഫ്കോൺസ് നേരത്തെ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നതാണ്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകുമെന്ന് പി.രാജീവ് അറിയിച്ചു. കൊച്ചി പോർട്ട് ട്രസ്റ്റ്, ഡി.പി. വേൾഡ്, നിർമ്മാണക്കമ്പനി അഫ്കോൺസ് എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് അടിയന്ത പ്രാധാന്യത്തോടെ പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page