റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ 30 വരെ അവസരം

by admin

post

കോഴിക്കോട് : അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.  അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ  ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് നടപടി. അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചവര്‍ക്ക്  2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരമുള്ള ശിക്ഷകളില്‍ നിന്നും പിഴയില്‍ നിന്നും താത്ക്കാലികമായി ഇളവുനല്‍കി കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുകയാണ്.

കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാര്‍, ആദായ നികുതി നല്‍കുന്നവര്‍, സര്‍വ്വീസ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ റേഷന്‍കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കുംകൂടി പ്രതിമാസം 25000 രൂപ വരുമാനമുള്ള കുടുംബങ്ങള്‍, എല്ലാ അംഗങ്ങള്‍ക്കുംകൂടി ഒരു ഏക്കറിലധികം ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീട് ഉള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗത്തിനല്ലാത്ത വാഹനം) എന്നിവര്‍ ജൂണ്‍ 30 നകം  കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റണം. അപേക്ഷകള്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലൊ, റേഷന്‍കടകളിലോ നല്‍കാം. താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം. .

ജൂണ്‍ 30 നകം റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാത്ത കാര്‍ഡുടമകളില്‍നിന്നും അനര്‍ഹമായി കൈപ്പറ്റിയ ഭക്ഷ്യ സാധനങ്ങളുടെയും മണ്ണെണ്ണയുടെയും വിപണി വിലയുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുമെന്നും 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരം ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിനുള്ള അവസാന തീയതിയായ ജൂണ്‍ 30 നു ശേഷം പിഴയിളവ് ലഭിക്കില്ല. റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരങ്ങള്‍ കാര്‍ഡുടമകള്‍ അറിയിക്കണം.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി 2021 ജൂലൈ ഒന്ന് മുതല്‍ ജില്ലയില്‍ താലൂക്ക് തല പരിശോധന കര്‍ശ്ശനമാക്കുകയും വിപണി വിലയുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുകയും 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരം ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.

 

You may also like

Leave a Comment

You cannot copy content of this page