ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗനിത്യജീവിതത്തിന്റെ ഭാഗമാക്കണം : മുഖ്യമന്ത്രി

by admin

ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു.
ആത്മീയതയുമായോ ഏതെങ്കിലും മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ല ആധുനിക യോഗ. ആത്മീയമായോ മതപരമായോ കണ്ടാൽ വലിയൊരു വിഭാഗത്തിന് അതിന്റെ സദ്ഫലം ലഭിക്കാതെ വരും.

മതത്തിന്റെ കള്ളിയിലൊതുക്കിയാൽ മഹാഭൂരിപക്ഷത്തിന് യോഗയും അതുകൊണ്ടുണ്ടാകുന്ന ആശ്വാസവും നിഷേധിക്കപ്പെടും. അത് സംഭവിക്കാൻ പാടില്ല. അതിനാൽ യോഗയുടെ മതനിരപേക്ഷ സ്വഭാവം നിലനിർത്തി അത് പ്രചരിപ്പിക്കുന്നതിന് യോഗ അസോസിയേഷൻ ഓഫ് കേരള നടത്തുന്ന പ്രവർത്തനം മാതൃകാപരമാണ്. യോഗ ഏതെങ്കിലും ദിനാചരണത്തിന്റെ ഭാഗമായി മാത്രം ഓർക്കേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിലാകെ ആരോഗ്യവും ശാന്തിയും ഉറപ്പുവരുത്താൻ യോഗ സഹായിക്കും. യോഗാഭ്യാസം ശാസ്ത്രീയമായ വ്യായാമ മുറയാണ്. അത് അഭ്യസിക്കുന്നത് മനസിനുകൂടി ആരോഗ്യം പകരും. യോഗയിലൂടെ രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക ഊർജം വർധിപ്പിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.

You may also like

Leave a Comment

You cannot copy content of this page