സമഗ്ര സിനിമാനയം രൂപീകരിക്കും : മന്ത്രി സജി ചെറിയാൻ

by admin

സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും അനുബന്ധമായി പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനുമായി സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.

സിനിമാ-ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങളും നിർദ്ദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവർ ശ്രദ്ധയിൽപ്പെടുത്തി.

കോവിഡ് അനുബന്ധ ലോക്ഡൗൺ സിനിമാ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി സർക്കാർ വളരെ ശ്രദ്ധയോടെ പരിഗണിച്ചുവരികയാണ്. ഈ രംഗത്തിന്റെ പുനരുജ്ജീവനത്തിനും പ്രവർത്തകരുടെ ക്ഷേമത്തിനും പ്രത്യേക മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.

കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക, അമ്മ, ഫിയോക്, മാക്ട, ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ, ഡബ്ളിയു.ഐ.സി.സി, ആത്്മ, കേരള എക്സ്ബിറ്റേഴ്സ് അസോസിയേഷൻ, കേരള എക്സ്ബിറ്റേഴ്സ് ഫെഡറേഷൻ, എഫ്.എഫ്.ഐ.എസ്.ഐ.സി.ഒ, കെ.എസ്.എഫ്.ഡി.സി, കെ.എസ്.സി.എ.ഡബ്ളിയു.എഫ്.ബി, ചലച്ചിത്ര അക്കാദമി തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.

തിരുവനന്തപുരത്ത് ചിത്രാഞ്ജലിയിൽ ആധുനിക ഫിലിം സിറ്റിയും കൊച്ചിയിൽ ആധുനിക സ്റ്റുഡിയോയും ഉൾപ്പെടെ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തെ സിനിമാ നിർമ്മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. മലയാള സിനിമാരംഗം മികവുറ്റ പ്രൊഫഷണലുകളും അതുല്യമായ പ്രതിഭകളുമുള്ള മേഖലയാണ്. ഈ ഘടകങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
യോഗത്തിൽ സാംസ്‌ക്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി എൻ. മായ, ചെയർമാൻ ഷാജി.എൻ.കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വിവിധ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page