കുടിവെള്ളം പൂർണമായും കുട്ടനാടിന് ലഭ്യമാക്കും – മന്ത്രി റോഷി അഗസ്റ്റിൻ

by admin

വടക്കേകരി, മാടത്താനിക്കരി ആറ് കിലോമീറ്റര്‍ പുറംബണ്ട് ബലപ്പെടുത്താന്‍ 13 കോടിയുടെ എസ്റ്റിമേറ്റ് എടുക്കും
• നിലവില്‍ ജലവിഭവ വകുപ്പുവഴി ഇപ്പോള്‍ കുട്ടനാട്ടില്‍ നടക്കുന്നത് 38 പദ്ധതികള്‍

ആലപ്പുഴ: 290 കോടി രൂപ ചെലവഴിച്ചുള്ള കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി വീഴ്ച ഇല്ലാതെ നടപ്പിലാക്കുന്നതിലൂടെ കുട്ടനാട്ടുകാർക്ക് കുടിവെള്ളം പൂർണമായും ലഭ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട്ടിലെ
പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കുട്ടനാട് സന്ദര്‍ശിച്ച ശേഷം ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ സാമുദായിക നേതാക്കളുമായും സംസാരിക്കുകയായിരുന്നു മന്ത്രി. നേരത്തെ കൃഷി വകുപ്പ് മന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയും കുട്ടനാട് സന്ദര്‍ശിച്ചിരുന്നു. കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
നിയമസഭയിൽ കുട്ടനാടിന്റെ പ്രശ്നങ്ങൾ എം.എല്‍.എ അവതരിപ്പിച്ചതിന്‍റെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള മന്ത്രിമാരുടെ സന്ദര്‍ശനമെന്ന് മന്ത്രി പറഞ്ഞു. കാർഷികമേഖലയുമായി ബന്ധപ്പെട്ട കുട്ടനാടിന്റെ പ്രശ്നങ്ങൾ പഠിക്കും. പുറംബണ്ട് സംരക്ഷിക്കേണ്ടത് പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ട്. താൽക്കാലിക പുറംബണ്ട് ഒരു ശാശ്വത പരിഹാരമല്ല. പുറം ബണ്ടുകൾ ശാസ്ത്രീയമായി സ്ഥിരമായി ഉറപ്പിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. വടക്കേ കരി, മാടത്താനിക്കരി തുടങ്ങിയ പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. ഇവിടങ്ങളിലെ ആറ് കിലോമീറ്റർ വരുന്ന പുറംബണ്ട് സ്ഥിരമായി ശക്തിപ്പെടുത്തി കെട്ടുന്നതിന് 2022-23 ഇറിഗേഷൻ വകുപ്പിൻറെ നബാർഡ് സഹായത്തോടെയുള്ള 13 കോടി രൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കൂടാതെ 22 കോടി രൂപയുടെ 38 നിർമ്മാണപ്രവർത്തനങ്ങൾ ഇപ്പോൾ കുട്ടനാട്ടില്‍ ഇറിഗേഷൻ വകുപ്പിൻറെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിര്‍മാണപ്രവര്‍ത്തികള്‍ക്കെല്ലാം ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇനി ടെൻഡർ നടപടിയിലേക്ക് കടക്കും. ഒന്നര മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവർത്തനങ്ങൾ ആരംഭിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

പുറമേ കേന്ദ്ര സഹായം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതികൾ വഴി 50 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ഈ വർഷം വകുപ്പിന് അനുമതി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 37.50 കോടി രൂപ കേന്ദ്ര വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 12.50കോടി രൂപ നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുും മന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രിയും കൃഷി മന്ത്രിയുമായി ചേർന്നുള്ള യോഗം ഉടനെ നടക്കും. ഹൈ ഡിവാട്ടറിങ് സിസ്റ്റം, സബ് മേഴ്സിബിള്‍ പമ്പുകള്‍ എന്നിവ വഴി കുട്ടനാട്ടില്‍ പുതിയ സാങ്കേതിക വിദ്യ നടപ്പിലാക്കുകയാണ്.
സർക്കാർ വലിയ ഇടപെടൽ ഇക്കാര്യത്തിൽ നടത്തും. വകുപ്പുകളുടെ ഏകീകരണം സംബന്ധിച്ച നടപടികള്‍ എടുത്തിട്ടുണ്ട്.
ഒന്നാം കുട്ടനാട് പാക്കേജ് വഴി ചില നേട്ടങ്ങൾ സാധ്യമായിട്ടുണ്ട്. 16,500 ഹെക്ടർ പാടശേഖരം മെച്ചപ്പെടുത്താൻ നമുക്ക് സാധിച്ചു. രണ്ടാം കുട്ടനാട് പാക്കേജ് 2447 കോടി രൂപയുടേതാണ്. ഇത് നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

നദികളിലെ എക്കല്‍ നീക്കല്‍: ഐ.ഐ.ടി യുടെ ഇടക്കാല റിപ്പോര്‍ട്ട് സെപ്റ്റംബറില്‍

You may also like

Leave a Comment

You cannot copy content of this page