സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണാ ജോര്‍ജ്

by admin

സേവനം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാന്‍

കാസര്‍കോട്: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ മഹിളാ ശക്തി കേന്ദ്ര വഴി നടപ്പിലാക്കുന്ന ‘കാതോര്‍ത്ത്’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സേവനം ആവശ്യപ്പെട്ട് വിളിച്ച സ്ത്രീകളുമായി സംവദിച്ച് സേവനങ്ങളുടെ കൃത്യത വിലയിരുത്തി. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പോലീസിന്റെ സേവനം എന്നിവ നല്‍കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ‘കാതോര്‍ത്ത്’.  വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍   ടി.വി. അനുപമ കൗണ്‍സിലിംഗ് സെക്ഷന്‍ വിലയിരുത്തുന്നതിനായി മന്ത്രിയോടൊപ്പം  പങ്കെടുത്തു.

post

കൗണ്‍സിലിംഗും നിയമ സഹായവുമാണ് ഒരു യുവതി ആവശ്യപ്പെട്ടത്. ആവശ്യമനുസരിച്ച് ആവശ്യമായ കൗണ്‍സിലിംഗ് സഹായം ലഭ്യമാക്കിയതായും നിയമ സഹായത്തിന് വേണ്ട നടപടികള്‍ ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കവിത റാണി രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സ്വീകരിച്ചതായും കാസര്‍കോട്   മഹിളാ ശക്തി കേന്ദ്ര വനിതാ  ക്ഷേമ ഓഫീസര്‍  സുന എസ് ചന്ദ്രന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും  അവരുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ ‘കാതോര്‍ത്ത്’ ഓണ്‍ലൈന്‍ സേവനം ലഭ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാല്‍ എത്രയും വേഗം പോലീസ് സഹായം ലഭ്യമാക്കും. 48 മണിക്കൂറിനകം കൗണ്‍സിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അവസരം,  പോലീസിനെ ബന്ധപ്പെടാനുള്ള അവസരം എന്നിവ ലഭ്യമാക്കും. രഹസ്യം കാത്തു സൂക്ഷിച്ച് സേവനം തേടാന്‍ കഴിയുന്ന ഈ ഓണ്‍ലൈന്‍ സേവനം അവശ്യ സമയത്ത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page