തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും 16നുമിടയില്‍ ടി പി ആര്‍ ഉള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലും 16നും 24നുമിടയിലുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 24 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തും.
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഒഴിവാക്കി ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈനായി നടത്തണം. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ അതിര്‍ത്തിയിലെ മദ്യശാലകള്‍ അടച്ചിടും. തമിഴ്‌നാട്ടില്‍ നിന്ന് ഇടുക്കിയിലേക്ക് വരുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് റിസള്‍ട്ട് വേണ്ടിവരും. എന്നാല്‍ അവിടെ ലോക്ക് ഡൗണുള്ളതിനാല്‍ എല്ലാദിവസവും പോയിവരാന്‍ അനുവദിക്കില്ല.
ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കും. പതിനഞ്ചുപേരില്‍ അധികരിക്കാതെ അനുവദിക്കാനാണ് ആലോചിക്കുന്നത്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സിനേഷന്‍ ലഭ്യമായതിനാലാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്നു തന്നെ വാക്‌സിന്‍ നല്‍കി കോളേജുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. 18 വയസ്സുമുതല്‍ 23 വരെയുള്ള വിഭാഗത്തെ പ്രത്യേക കാറ്റഗറിയാക്കി വാക്‌സിനേഷന്‍ നല്‍കും. അവര്‍ക്കുള്ള രണ്ടാം ഡോസും കൃത്യസമയത്തു നല്‍കിയാല്‍ നല്ല അന്തരീക്ഷത്തില്‍ കോളേജുകള്‍ തുറക്കാനാവും. സ്‌കൂള്‍ അധ്യാപകരുടെ വാക്‌സിനേഷനും മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും.
ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്ക് പോകുന്ന യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകുംവിധം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കോവിഡ് 19 മോളിക്യുലര്‍ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നതിന് സന്നദ്ധമായിട്ടുണ്ട്. അതിനുള്ള അനുമതി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ഇതില്‍ സത്വര നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിന് അനുമതി നല്‍കുന്നതും ആലോചിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ചിത്രീകരണമാണനുവദിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതിനല്‍കുന്ന കാര്യം ആലോചിക്കും. വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.