പത്തനംതിട്ട : ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. 10 സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് 10000 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.
വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് പത്തനംതിട്ട നഗരത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ 10 ഏക്കര്‍ കൃഷി സ്ഥലത്ത് കൃഷി ആരംഭിക്കും. കൃഷിക്കാവശ്യമായ പിന്തുണ സംവിധാനങ്ങള്‍ നല്‍കുന്നത് കൃഷി ഭവനാണ്. വീട്ടുവളപ്പില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഗരവാസികള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഖേന തൈകള്‍ നല്‍കും. സ്വയം പര്യാപ്തതയുടെയും സുരക്ഷിത ഭക്ഷണത്തിന്റെയും സന്ദേശം കുട്ടികളില്‍ എത്തിക്കാന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഓണത്തിനോടനുബന്ധിച്ച് വിളവെടുപ്പ് നടത്തുവാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ നഗരസഭ വിപണനകേന്ദ്രം തുടങ്ങും.
പരിപാടിയില്‍ വികസന കാര്യ കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ആമിനാ ഹൈദരാലി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ മണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികാ വേണു, പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ അനീഷ്, കൗണ്‍സിലര്‍മാരായ എ.സുരേഷ് കുമാര്‍, ആര്‍.സാബു, സുജ അജി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ്, കൃഷി ഓഫീസര്‍ നജീബ് എന്നിവര്‍ സംസാരിച്ചു.