മന്ത്രി സജി ചെറിയാന് ഇന്ന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: കേരള ലളിതകലാ അക്കാദമി കലാകാരന്മാര്ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. 250 കലാകാരന്മാര്ക്ക് ഒരേ സമയം സ്വന്തം വീടുകളിലിരുന്ന് ചിത്രരചന നടത്താവുന്ന വിധത്തില്‍ ‘നിറകേരളം’ ദശദിന ക്യാമ്പാണ് രണ്ടാംഘത്തില്‍ സംഘടിപ്പിക്കുന്നത്. 14 ജില്ലകളില്‍ നിന്നുള്ള കലാകാരന്മാര് കലാക്യാമ്പില്‍ പങ്കെടുക്കും. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് ( 29- 6- 2021) വൈകിട്ട് 4 -ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ സംഘടിപ്പിച്ച ‘നിറകേരളം’ കലാ ക്യാമ്പില്‍ 104 കലാകാരന്മാരണ് സ്വന്തം വീടുകളിലിരുന്ന് ചിത്രരചനയില്‍ പങ്കെടുത്തത്്. രണ്ടാം ഘട്ടത്തില്‍ മുഖ്യധാരാ ചിത്രകാരോടൊപ്പം ഭിന്നശേഷിക്കാരായ കലാകാരന്മാരും ട്രാന്സ്ജെന്റര് വിഭാഗത്തില്‍പ്പെടുന്ന കലാകാരന്മാരും കൊമേഴ്സ്യല്‍ ആര്ട്ടിസ്റ്റുകളുമുള്പ്പെടെ 250 പേര് പങ്കെടുക്കും. ‘നിറകേരളം’ രണ്ടാം ഘട്ടത്തിലെ കലാകാരന്മാര്ക്കും 20,000/- രൂപയും ക്യാന്‍വാസും നിറങ്ങളും അക്കാദമി നല്‍കും. ഇവയുടെ പ്രദര്‍ശനം അക്കാദമി ഗ്യാലറികളില്‍ നടത്തുകയും വില്‍ക്കുന്ന ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക അതാത് കലാകാരന്മാര്ക്ക് നല്‍കുകയും ചെയ്യും.