180 ഏക്കറില്‍ കുടുംബശ്രീയുടെ ‘ഹരിതഗൃഹം’പദ്ധതിക്ക് തുടക്കമായി

by admin

post

ആലപ്പുഴ:  സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന ‘ഹരിത ഗൃഹം’ പദ്ധതിയ്ക്ക് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഏറ്റവും വലിയ ഇടപെടലുകള്‍ നടക്കുന്ന കാലഘട്ടമാണിത്. നമുക്കാവശ്യമായ പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. പച്ചക്കറി ഉത്പാദനത്തിന് പേരുകേട്ട മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പദ്ധതി വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

പഞ്ചായത്തിലെ 365 കാര്‍ഷിക ഗ്രൂപ്പുകളെ കൂട്ടിയിണക്കി വാര്‍ഡ് അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 10 ഏക്കര്‍ വീതം തരിശു നിലം കണ്ടെത്തി ആകെ 180 ഏക്കര്‍ സ്ഥലത്താണ് ഹരിത ഗൃഹം പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ ഉള്ള 4000 കുടുംബങ്ങളും പദ്ധതിയുടെ ഭാഗമാകും.

പയര്‍, പാവല്‍, പച്ചമുളക്, പടവലം, വെണ്ട, വെള്ളരി, പീച്ചില്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ആവശ്യമെങ്കില്‍ ബാങ്കില്‍ നിന്നും ലോണ്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഇതിനോടകം സി.ഡി.എസ്. പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി വാര്‍ഡ് അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന ഗ്രൂപ്പുകളില്‍ നിന്ന് ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 2500 രൂപയും പഞ്ചായത്ത് തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 5000 രൂപയും സമ്മാനമായി നല്‍കും.

ചടങ്ങില്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.സി. ഷിബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ ടി. എസ്. സുഖലാല്‍, വാര്‍ഡ് അംഗം അലക്‌സ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോന്‍, കെ.കെ. കുമാരന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് സെസൈറ്റി ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍, കാര്‍ഷിക ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

You may also like

Leave a Comment

You cannot copy content of this page