കണ്ണൂര്‍: മത്സ്യത്തൊഴിലാളി ക്ഷേമനി ബോര്‍ഡ് നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, മരണപ്പെട്ട മത്സ്യ അനുബന്ധത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. 2020 ജനുവരി 12ന് ബക്കളത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ച ആന്തൂര്‍ നണിച്ചേരി സ്വദേശിയും ക്ഷേമനിധി ബോര്‍ഡ് അംഗവുമായ യൂസഫിന്റെ കുടുംബത്തിനാണ് മരണാനന്തര ഇന്‍ഷുറന്‍സ് പരിരക്ഷയായി തുക അനുവദിച്ചത്. 10 ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ യൂസഫിന്റെ ഭാര്യ പി പി റംലയ്ക്ക് കൈമാറി.
സാമ്പത്തിക പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ സഹായത്തോടെ പരമാവധി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം നടത്തുന്നതിന് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ പറഞ്ഞു. വിവാഹ ധനസഹായം ഒഴികെ 2020ലെ മുഴുവന്‍ അപേക്ഷകളിലും ധനസഹായം നല്‍കുന്നതിനുള്ള തുക എല്ലാ മത്സ്യ ബോര്‍ഡ് മേഖലാ ഓഫീസുകള്‍ക്കും കൈമാറിയിട്ടുണ്ട്. അവയുടെ വിതരണം ഉടന്‍ നടക്കും.
ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (ഫിംസ്) വഴി രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്കാണ് ഫിഷറീസ് വകുപ്പ് വിവിധ ആനുകൂല്യങ്ങള്‍
നല്‍കുന്നത്. അതിനാല്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റേര്‍ഡ് അംഗത്വമുള്ള മുഴുവന്‍ ആളുകളും പെന്‍ഷന്‍ കൈപ്പറ്റുന്നവരും
നിര്‍ബന്ധമായും ഫിംസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവര്‍ ജൂലൈ 15നകം ബന്ധപ്പെട്ട മത്സ്യഭവന്‍ /ഫിഷറീസ്
ഓഫീസുകളില്‍ ക്ഷേമനിധി പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് (കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെ), റേഷന്‍ കാര്‍ഡ്
തുടങ്ങിയവ സഹിതം ഹാജരാകണമെന്നും ചെയര്‍മാന്‍ പറഞ്ഞു.