റാന്നി അങ്ങാടിയിലെ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണം : ആന്റോ ആന്റണി എം.പി

by admin

post

പത്തനംതിട്ട : റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ പാര്‍ക്ക്  നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി നിര്‍ദേശിച്ചു. എം.പിയുടെ 201819 ലെ പ്രാദേശിക വികസന പദ്ധതിയില്‍ റാന്നി അങ്ങാടിയില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണത്തിനായി അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് എംപിയുടെ നിര്‍ദേശം.

61 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പാര്‍ക്ക് നിര്‍മ്മാണത്തിനായി ഇതുവരെ നടന്നത്. ഇതില്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ 30 ലക്ഷം രൂപ, റാന്നി ഗ്രാമപഞ്ചായത്ത് നല്‍കിയ 15 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ അഞ്ച് ലക്ഷം രൂപ എന്നിവയില്‍ നിന്ന് 39 ലക്ഷം രൂപയ്ക്ക് ആദ്യഘട്ട നിര്‍മ്മാണം നടത്തി. അതിര്‍ത്തി നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നല്‍കിയ 23 ലക്ഷത്തില്‍ 22 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.  ഇതുവരെ 61 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കഴിഞ്ഞു. ഈ തുകയ്ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എം.പി.നിര്‍ദ്ദേശിച്ചു. എം.പി ഫണ്ടില്‍ ഭരണാനുമതി നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞതിനാല്‍ ആവശ്യമെങ്കില്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും എം.പി.നിര്‍ദ്ദേശിച്ചു.

ആന്റോ ആന്റണി എം.പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റാന്നി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍, റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, തഹസീല്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page