കോവിഡ് രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കും

by admin

എറണാകുളം:  പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി നഗരസഭാ പരിധിയിലെ കാടുപിടിച്ച വളപ്പുകൾ നോട്ടീസ് നൽകാതെ വൃത്തിയാക്കുന്നത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നഗരസഭക്ക് അനുമതി നൽകി. ഉടമസ്ഥർ സ്ഥലത്തില്ലാത്ത ഇത്തരം വളപ്പുകൾ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകുന്നതിനാലാണ് നടപടി. ജില്ലയിലെ  കോവിഡ് രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളിൽ പരിശോധനക്കായി സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കുവാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ ഒരാഴ്ച കാലയളവിലെ കോവിഡ് രോഗസ്ഥിരീകരണ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പട്ടിക ബുധനാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിക്കും. രോഗസ്ഥിരീകരണ നിരക്ക് പൂജ്യം മുതൽ അഞ്ച്, അഞ്ച് മുതൽ 10, 10 മുതൽ 15, 15 ന് മുകളിൽ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് കോവിഡ്  പ്രതിരോധത്തിനായുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ജില്ലാ കളക്ടർ എസ്. സുഹാസിന്റെ  അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽകുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page