മലപ്പുറം : ജില്ലയില്‍ 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ അവസ്ഥ മനസിലാക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ഈസ് ഓഫ് ലിവിങ് സര്‍വേയക്ക് തുടക്കമായി. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ കുരുവമ്പലത്ത് പ്രീത വേലായുധന്‍ പട്ടമ്മാരുതൊടിയുടെ വീട് സര്‍വേ ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്ന സര്‍വേയുടെ വിജയകരമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കണമെന്നും വളരെ സത്യസന്ധമായി തന്നെ വിവരങ്ങള്‍ നല്‍കി ജൂലായ് 20 നകം തന്നെ വിവരശേഖരണ പ്രക്രിയപൂര്‍ത്തികരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: എ.കെ മുസ്തഫ അധ്യക്ഷനായി.
സര്‍ക്കാരിന്റെ പ്രധാനപ്പെട്ട 16 പദ്ധതികളുടെ ആനുകൂല്യം ലഭ്യമായതു സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിടുള്ളത്. ഗ്യാസ് കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ്, ഭവന നിര്‍മാണം, ക്ഷേമപെന്‍ഷനുകള്‍, നൈപുണ്യവികസന പരിശീലനങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയിലെ ആനുകൂല്യങ്ങള്‍, പ്രതിരോധകുത്തിവെപ്പുകള്‍ തുടങ്ങിയവ ലഭ്യമായത് സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന ഈ സര്‍വേയുടെ വിവരശേഖരണം പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈസ് ഓഫ് ലിവിങ് വെബ്സൈറ്റിലേക്ക് ജൂലൈ 31 നകം അപ്ലോഡ് ചെയ്യും. കേരളത്തില്‍ ഗ്രാമ വികസന വകുപ്പിനാണ് സര്‍വേ നടത്തിപ്പിന്റെ ചുമതല. എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് വകുപ്പ്, കുടുംബശ്രീ മിഷന്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സര്‍വേ നടത്തുന്നത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരാണ് പഞ്ചായത്തുതലത്തില്‍ സര്‍വേയുടെ ഏകോപനം.
ദാരിദ്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍ സര്‍വേ നടപടികള്‍ വിശദീകരിച്ചു. ചടങ്ങില്‍ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സൗമ്യ, ബ്ലോക്ക് പഞ്ചായത്തംഗം റജീന മഠത്തില്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം പ്രമീള, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമരാജന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (ഇന്‍ ചാര്‍ജ്) വി.എം അംബിക, കുടുംബശ്രി ജില്ല എ.ഡി.എം.സി. സുരേഷ്, മറ്റ് ജനപ്രതിനിധികള്‍, ബ്ലോക്ക് വനിതാക്ഷേമ ഓഫീസര്‍, പുലാമന്തോള്‍ വി.ഇ.ഒ ഷൈജ എന്നിവര്‍ പങ്കെടുത്തു.