തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് വന്‍ നികുതി വിഹിതം പറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് തമ്പാനൂർ രവി പറഞ്ഞു.ഇന്ധനവില വര്‍ധനവിനെതിരെ പേരൂര്‍ക്കട പെട്രോള്‍ പമ്പിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊളളയടിക്കുന്നത്.ജനങ്ങളുടെ ജീവിത പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുസര്‍ക്കാരുകളും.യുപിഎ ഭരണകാലത്ത് ക്രൂഡോയില്‍ വില 140 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു.എന്നാല്‍ ഇന്ന്
ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ 73 ഡോളര്‍ മാത്രമുള്ളപ്പോള്‍ ഇന്ധനവില നൂറുരൂപ കടന്നു. കോവിഡ് മഹാമാരിയില്‍ ജനം നട്ടംതിരിയുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു പകരം ഖജനാവ് വീര്‍പ്പിക്കുന്നതില്‍ മാത്രമാണ് ഇരുവരുടെയും ശ്രദ്ധ.
ഇന്ധനവില കൂടിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 619.17 കോടി രൂപയുടെ നികുതി ഇളവ് നല്കിയതിനു നേരെ പിണറായി സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. ഒരു തവണ പോലും നികുതി കുറയ്ക്കാതെ കേന്ദ്രത്തില്‍ കുറ്റം ചുമത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടി. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതി വന്‍ തോതില്‍ കുറയുമെങ്കിലും പിണറായി സര്‍ക്കാര്‍ അതിനും എതിരു നില്ക്കുന്നു.
ഇന്ധനവില വര്‍ധനവിലുടെയും പാചക വാതക വില വര്‍ധനവിലുടെയും ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത വിധത്തിലാണ് ഇവയുടെ വില കുതിച്ചു കയറുന്നത്. ഇത് രാജ്യത്ത് സര്‍വതോന്മുഖമായ വില വര്‍ധനവിന് വഴിയൊരുക്കി. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും തീപൊള്ളുന്ന വിലയാണ്.ഇന്ധനവില വര്‍ധനവിനെതിരെ മുമ്പു നടത്തിയ കാളവണ്ടി സമരവും ചക്ര ഉരുട്ടു സമരവുമൊക്കെ ബിജെപി, സിപിഎം നേതാക്കള്‍ പാടേ മറന്നെന്നും തമ്പാനൂർ രവി പറഞ്ഞു.
മണ്ഡലം പ്രസിഡന്‍റ് ജയചന്ദ്രന്‍,ബ്ലോക്ക് പ്രസിഡന്‍റ് മണ്ണാന്‍മൂല രാജന്‍,കോട്ടാത്തല മോഹന്‍,മണ്ണാന്‍മൂല രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.