തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി വരുത്തുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനന്തമായി ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലെത്താന്‍ സാഹചര്യം ഒരുക്കാനാണ് ശ്രമം.
കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതില്‍ അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നാം തരംഗത്തിന്റെ അവസാനത്തോടെ ഐ.സി.എം.ആര്‍ നടത്തിയ സീറോ പ്രിവലന്‍സ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്റെ (21.6) ഏതാണ്ട് പകുതിമാത്രം (11.4) മാത്രമായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍ രോഗസാധ്യതയുള്ളവര്‍ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത്. ആ സാഹചര്യത്തില്‍ ടെസ്റ്റിംഗിന്റെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.
മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തില്‍ അല്‍പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് 10 നടുത്ത് ഏതാനും ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നില്‍ക്കുകയാണ്.
പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഇപ്പോള്‍ 10-14 ആയിരമായി കുറഞ്ഞിട്ടുണ്ടെങ്കിലും ടി.പി.ആര്‍ താഴാതെ നില്‍ക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.