50 മീറ്റര്‍ പരിധിക്കുള്ളിലെ 20,000 വീടുകള്‍ പുനര്‍ഗേഹം പദ്ധതിയില്‍

by admin

മാറ്റി നിര്‍മ്മിക്കുന്നുമന്ത്രി സജി ചെറിയാന്‍

3000 വീടുകള്‍ പൂര്‍ത്തിയായി

post

ആലപ്പുഴ: സംസ്ഥാനത്ത് വരുന്ന അഞ്ചുവര്‍ഷത്തിനകം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുമായി രണ്ടാം പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് ഫിഷറീസ്‌സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കടല്‍തീരത്തോട് ചേര്‍ന്ന് 50 മീറ്റര്‍ പരിധിയിലുള്ള ഇരുപതിനായിരം വീടുകളാണ് പുനര്‍ഗേഹം പദ്ധതി വഴി മാറ്റി നിര്‍മിച്ച് നല്‍കുന്നത്. പുനര്‍ഗേഹം പദ്ധതിയില്‍ 3000 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീട് എന്ന സ്വപ്നം ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് മികവു2020 സംസ്ഥാനതല വിതരണ ഉദ്ഘാടനം പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശമേഖലയിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവും അക്കാദമിക നിലവാരവും വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫിഷറീസ് വകുപ്പിന് കീഴില്‍ 36 സ്‌കൂളുകളുടെ കെട്ടിടംപണി പുരോഗമിക്കുന്നു. തീരദേശ ഹൈവേ പൂര്‍ത്തിയാകുന്നതോടെ തീര മേഖലയുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാവും. മൂന്നുവര്‍ഷംകൊണ്ട് കേരളത്തില്‍ 12കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഹാച്ചറികള്‍ ആരംഭിക്കും. ആലപ്പുഴ ചെത്തി ഹാര്‍ബര്‍ യാഥാര്‍ഥ്യമാവുകയാണ്. തീര സംരക്ഷണത്തിനായി 12500 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. 1500 കോടി രൂപ കിഫ്ബി വഴി ഇത്തവണയും തീര സംരക്ഷണത്തിനായി നീക്കി വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മത്സ്യഫെഡ!് മുന്‍ ചെയര്‍മാനും എം.എല്‍.എയുമായ പി.പി.ചിത്തരജ്ഞന്‍ അധ്യക്ഷനായി. പിണറായി സര്‍ക്കാരിന്റെ കാലത്ത് മത്സ്യമേഖലയില്‍ പുതിയ ആത്മവിശ്വാസം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

318 എസ്എസ്എല്‍സി വിദ്യാര്‍ഥികളും 104 പ്ലസ് ടു വിദ്യാര്‍ഥികളുമാണ് സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടിയത്. 5000 രൂപയുടെ കാഷ് അവാര്‍ഡും ഫലകവും മികവ് 2020 വഴി ഇവര്‍ക്ക് മത്സ്യഫെഡ് നല്‍കുന്നത്. ആകെ 422 പേര്‍ക്കാണ് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക. ആലപ്പുഴ ജില്ലയില്‍ നിന്ന് 99 വിദ്യാര്‍ത്ഥികളെയാണ് ആനുകൂല്യത്തിന് തെരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹാരോള്‍ഡ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസണ്‍, ജനപ്രതിനിധികളായ സരസകുമാര്‍, ഷീലാ സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം പി ഐ ഹാരിസ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഡി ലാലാജി, പൊള്ളേത്തൈ ഗവണ്മെന്റ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി ഡി അന്നമ്മ തുടങ്ങിവര്‍ പ്രസംഗിച്ചു.

 

You may also like

Leave a Comment

You cannot copy content of this page