കോവിഡ് പ്രതിരോധം ശക്തമാക്കി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയത് 1.25 കോടി രൂപയുടെ പദ്ധതികള്‍

by admin

                         

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപന പരിധികളില്‍ ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  68 ഗ്രാമപഞ്ചായത്തുകള്‍ക്കും  ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഒരു പഞ്ചായത്തിന് 600 കിറ്റുകള്‍ വീതമാണ് നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തലങ്ങളില്‍ 1.25 കോടി രൂപ വിനിയോഗിച്ചു. കോവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി റാപ്പിഡ് ആന്റിജന്‍ പരിശോധനാ ക്യാമ്പയിനുകള്‍ വ്യാപകമാക്കി. എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്ററുകള്‍, മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തു. കോവിഡാനന്തര ചികിത്സയ്ക്കായുള്ള ആയുര്‍വേദ, ഹോമിയോ മരുന്നുകളുടെ വിതരണവും പൂര്‍ത്തിയായതായി പ്രസിഡന്റ് പറഞ്ഞു.
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍  ആന്റിജന്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്‌പോട്ട് വാക്‌സിനേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമാണ് സ്‌പോട്ട് വാക്‌സിനേഷന്‍ നല്‍കുന്നതെന്ന് പ്രസിഡന്റ് വി.പി. രമാദേവി പറഞ്ഞു. രണ്ടു വാര്‍ഡുകള്‍ ഉള്‍പ്പെട്ട ക്ലസ്റ്റര്‍ രൂപീകരിച്ച് പരിശോധന സംവിധാനവും വിപുലപ്പെടുത്തി.
കൊട്ടാരക്കരയിലെ നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് വീടുകളിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിവരുന്നു. പുല്ലാമല കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സുമാര്‍  എന്നിവരടങ്ങുന്ന സംഘമാണ് വാക്‌സിന്‍ നല്‍കുന്നത്. അമ്പലത്തുംകാല സെന്റ് ജോസഫ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 13 പേര്‍ ചികിത്സയിലുണ്ട്.  നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.സത്യഭാമ പറഞ്ഞു.
ഓച്ചിറയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ‘സാന്ത്വന നാദം’ പദ്ധതി വിപുലപ്പെടുത്തി. സേവന സന്നദ്ധരായ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും ചികിത്സ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മരുന്നുകളും നല്‍കി വരുന്നു.
നിലമേല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശബരിഗിരി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 23 രോഗികള്‍ ചികിത്സയിലുണ്ട്. എല്ലാ വാര്‍ഡുകളിലും ഹോമിയോ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ഹോമിയോ, ആയുര്‍വേദ കോവിഡാനന്തര ക്ലിനിക്കുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് വി. വിനീത പറഞ്ഞു

You may also like

Leave a Comment

You cannot copy content of this page