സിക്ക വൈറസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

by admin

 

കൊതുകിനെ തുരത്താം, ഒപ്പം സിക്കയേയും ഡെങ്കിയേയും

തിരുവനന്തപുരം : സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ post

കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണം. കേരളത്തിലെ എല്ലാ ജില്ലകളും പ്രത്യേകിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതല്‍ എടുക്കണം. ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുകയാണ് പ്രധാന സുരക്ഷാ മാര്‍ഗം. ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കണം. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം.

കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം. ഈഡിസ് കൊതുകുകളുടെ മുട്ടകള്‍ക്ക് ഒരു വര്‍ഷം വരെ ജീവിക്കാനാകും. ഇവയ്ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാകും. അതിനാലാണ് വെള്ളം കെട്ടിനിര്‍ത്തരുതെന്ന് പറയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരാന്‍ സാധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ മുതലായവ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കണം.

You may also like

Leave a Comment

You cannot copy content of this page