തൊടുപുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വനം മാഫിയകളും സംഘടിതമായി നടത്തിയ അനധികൃത മരംമുറിയുടെയും വനം കൊള്ളയുടെയും മറവില്‍ കര്‍ഷകരെ ബലിയാടാക്കി ക്രൂശിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
അനധികൃത മരം മുറിക്കല്‍ ഒരു ദിവസത്തെ സൃഷ്ടിയല്ല. വന്‍കിട വനം മാഫിയ സംഘങ്ങളുടെ വന്‍ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലുള്ളത്. ഇതിനാല്‍ത്തന്നെ വനംവകുപ്പിലെ ഉന്നതര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാണ്. വനംവകുപ്പിന്റെ വനംകൊള്ള പുറത്തുവന്നിരിക്കുമ്പോള്‍ പാവപ്പെട്ട കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് തടിതപ്പാന്‍ ശ്രമിക്കുന്ന ക്രൂരത അനുവദിക്കില്ല.
2020 ഒക്‌ടോബര്‍ 24ലെ ഉത്തരവിറക്കിയത് സംസ്ഥാന സര്‍ക്കാരാണ്. ഉത്തരവ് വിവാദമാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അതിറക്കിയവര്‍ക്കാണ്; കര്‍ഷകര്‍ക്കല്ല. സ്വന്തം കൃഷിഭൂമിയില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുവാനും മുറിച്ചുമാറ്റുവാനും കര്‍ഷകര്‍ക്ക് അവകാശമുണ്ട്. ഉന്നതരെ രക്ഷിക്കാന്‍ കര്‍ഷകര്‍ക്കെതിരെ കള്ളക്കേസെടുക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചെതിര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
അഡ്വ.ബിനോയ് തോമസ്
ജനറല്‍ കണ്‍വീനര്‍
രാഷ്ട്രീയ കിസാന്‍ മഹാസംഘ്