ഇടുക്കി : ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര ടൂറിസത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് കേരളത്തിലെ ഗ്രാമീണ ടൂറിസത്തെ മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ എല്ലാ പഞ്ചായത്തിലും ഒരു ഡെസ്റ്റിനേഷന്‍ എന്ന കാഴ്ച്ചപ്പാടാണ് ടൂറിസം വകുപ്പിനുള്ളത്. ഇടുക്കിയിലെ അറിയപ്പെടുന്നതും ഇനിയും അറിയപ്പെടേണ്ടതുമായ ടൂറിസം ഡസ്റ്റിനേഷനുകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് വിനോദ സഞ്ചാര വകുപ്പ് ജില്ലയില്‍ നടപ്പിലാക്കാന്‍ പോകുന്നത്.
ഗ്രാമീണ ടൂറിസത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഓണ്‍ലൈനായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ച് ചേര്‍ത്തത്. ജില്ലയിലെ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമുണ്ട്. ഇവിടങ്ങളില്‍ ഓരോയിടത്തും ഒന്നില്‍ കുറയാത്ത ഡസ്റ്റിനേഷനുകളുടെ വിവരം ജൂലൈ 25ന് മുമ്പ് ടൂറിസം വകുപ്പിനെ അറിയിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. info@dtpcidukki.com എന്ന മെയില്‍ ഐഡിയിലേക്കാണ് പഞ്ചായത്തുകള്‍ പദ്ധതി സമര്‍പ്പിക്കേണ്ടത്.
ഇത്തരത്തില്‍ ജില്ലയിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഒരു ഡെസ്റ്റിനേഷന്‍ പുറത്തിറക്കും. ഈ ഡസ്റ്റിനേഷനുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തി കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ ഇടുക്കിയിലേക്കെത്തിക്കുന്ന ആഭ്യന്തര ടൂറിസത്തിനും അതോടൊപ്പം സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെയും ഇടുക്കിയിലേക്കെത്തിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തളര്‍ന്ന ടൂറിസം രംഗത്തിന് ഇതുവഴി ഉണര്‍വേകുന്നതിനാകുമെന്നും മന്ത്രി പറഞ്ഞു.
സ്‌പൈസസ് ഗാര്‍ഡന്‍ ഓഫ് കേരള എന്നാണ് ഇടുക്കി അറിയപ്പെടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതകള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഇടുക്കി. എന്നാല്‍ അതിന്റെ വളരെ ചെറിയൊരു അംശം മാത്രമേ ഇപ്പോഴും ഉപയോഗിച്ചിട്ടുള്ളൂ. പ്രകൃതി സൗന്ദര്യം മാത്രമല്ല ഇടുക്കിയിലെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും ഭക്ഷണ വൈവിധ്യങ്ങളും എല്ലാം ടൂറിസത്തിന്റെ ഭാഗമാക്കാവുന്നതേയുള്ളൂ. കേരളത്തിലെ അഞ്ച് ദേശീയ ഉദ്യാനങ്ങളില്‍ നാലും ഇടുക്കിയിലാണെന്നത് തന്നെ ജില്ലയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. ഇതിനായി ഇടുക്കിയിലെ ടൂറിസം രംഗത്തെ വികസ പദ്ധതികള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കും. ഇടുക്കിയിലെ ആദിവാസി ഊരുകളും കുടികളും തനത് സംസ്‌കാരത്തിന്റെയും ലോകത്തിലെ വേറിട്ട ഗോത്ര സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളാണ്. അത്തരം കേന്ദ്രങ്ങളില്‍ അവരുടെ ആവാസ വ്യവസ്ഥയെ ബാധിക്കാത്ത തരത്തില്‍ എന്നാല്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസത്തില്‍ ഊന്നി നിന്നുകൊണ്ട് സുസ്ഥിരമായ കാഴ്ചപ്പാടോട് കൂടിയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുുന്നതിനും ആലോചനയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ഉയര്‍ത്തി എടുക്കുന്നത് നിര്‍ണായകമായ വഴിത്തിരിവായി മാറുമെന്നുറപ്പാണ്. ടൂറിസ്റ്റുകള്‍ വരുന്ന സമയത്ത് നാമമാത്രമായ എന്‍ട്രി ഫീസ് വാങ്ങിക്കൊണ്ട് ഗൈഡുമാര്‍ തോട്ടങ്ങളില്‍ കയറ്റുകയും കുറഞ്ഞ സമയം ചിലവഴിച്ച് തിരിച്ചുപോവുക എന്നതുമാണ് നിലവില്‍ ഇടുക്കിയിലെ സ്‌പൈസസ് ടൂറിസത്തിന്റെ രീതി. ഇതില്‍ ശാസ്ത്രീയമായ പാക്കേജ് സംവിധാനങ്ങള്‍ കൊണ്ടുവന്ന് ഇന്തോനേഷ്യയിലെ ബാലി ടൂറിസം മാതൃകയില്‍ വില്ലേജ് ടൂറിസം എക്‌സ്പീരിയന്‍സ് എന്ന നിലയില്‍ മാറ്റാന്‍ സാധിക്കേണ്ടതുണ്ട.് ഇടുക്കിയിലെ ടൂറിസത്തിന് വ്യത്യസ്ത തലങ്ങളില്‍ വിപുലമായ വികസന സാധ്യതകള്‍ ഉണ്ട്. അത് കേവലം പ്രകൃതി സൗന്ദര്യത്തില്‍ മാത്രം ഊന്നി നില്‍ക്കേണ്ടതല്ല. പ്രകൃതി സൗന്ദര്യത്തിന് മലകളെയും കൊടുമുടികളെയും വെള്ളച്ചാട്ടങ്ങളെയും ജലാശയങ്ങളെയും തടാകങ്ങളെയും എല്ലാം പരിഗണിക്കുമ്പോള്‍ തന്നെ നമ്മുടെ സാംസ്‌കാരികമായ പൈതൃകങ്ങളെയും ടൂറിസം സാധ്യതകളിലേക്ക് കൊണ്ടുവന്ന് അതുകൂടി അനുഭവമാക്കാന്‍ സാധിക്കണം. അതിവിപുലവും വൈവിധ്യ പൂര്‍ണവുമായിയിട്ടുള്ളതാണ് ഇടുക്കിയിലെ ടൂറിസം ഭൂപടം. അതിനെ ലോക ടൂറിസത്തിന്റെ ട്രെന്‍ഡുകള്‍ക്കനുസരിച്ച് വികസിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് തലത്തില്‍ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളെ കണ്ടെത്തി വികസിപ്പിക്കുക എന്ന നയം സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു.