ക്ഷേമനിധി ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യും : തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി

by admin
ക്ഷേമനിധി ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി.തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്മാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ക്ഷേമനിധി പദ്ധതികളില്‍ അര്‍ഹരായവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുന്നതെന്ന് ഉറപ്പു വരുത്തണം. ഇരട്ട അംഗത്വം ഒഴിവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.ദ്വയാംഗത്വം ഒഴിവാക്കുന്നതിന് ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം നടത്തണം.ബോര്‍ഡുകള്‍ക്കായി തയാറാക്കിയ  അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫെറന്‍സ് സിസ്റ്റം  സംയോജിത സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ക്ഷേമപദ്ധതികള്‍  ആകര്‍ഷകമാക്കുന്നതിന് ബോര്‍ഡുകളുടെ വരുമാനം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി തൊഴിലാളി- തൊഴിലുടമാ വിഹിതം കാലോചിതമായി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയിലൂടെ സമന്വയമുണ്ടാക്കണം.ബോര്‍ഡുകള്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി പ്രചരണപദ്ധതി തയാറാക്കും.അംഗത്വ വര്‍ധനയ്ക്കായി സ്പെഷല്‍ ഡ്രൈവുകളും ക്യാപെയ്നുകളും സംഘടിപ്പിക്കണം.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് അസംഘടിത – പരമ്പരാഗത മേഖലകളിലാണ്. കോവിഡ് – 19 വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ ഈ മേഖലയിലെ തൊഴില്‍ സംരക്ഷിക്കാന്‍ സാധ്യമാവുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.ബോര്‍ഡുകളുടെ പ്രവര്‍ത്തനം സുതാര്യവും തൊഴിലാളി സൗഹൃദവുമാകണം.പൊതുജനങ്ങള്‍ പരാതി നല്‍കിയാല്‍ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പുവരുത്താന്‍ ബോര്‍ഡുകള്‍ക്ക് സാധിക്കണം.തൊഴിലാളികളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ നടപടി സ്വീകരിക്കുന്നതിനും ക്ഷേമപദ്ധതികളില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവ വേഗത്തില്‍ നല്‍കുന്നതിനും ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
തൊഴിലാളികളുടെ വിഹിതവും തൊഴിലുടമ നല്‍കേണ്ട വിഹിതവും ചേര്‍ന്നതാണ് ബോര്‍ഡുകളുടെ വരുമാനം.ക്ഷേമനിധി ബോര്‍ഡുകളുടെ ആകെ വരുമാനത്തിന്റെ നിശ്ചിത ശതമാനമാണ് ഭരണച്ചിലവിനായി വിനിയോഗിക്കേണ്ടത്. ഇതു കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ബോര്‍ഡിലെ ഓരോ ഉദ്യോഗസ്ഥരും തൊഴിലാളികളോട് പ്രതിബദ്ധതയുള്ളവരായി പ്രവര്‍ത്തിക്കണം. ഓരോ ബോര്‍ഡുകളിലെയും വിവിധ  പദ്ധതികളുടെ നിലവിലെ അവസ്ഥ, അവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഒരുമാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ബോര്‍ഡുകളിലെ ഫയലുകളില്‍ കാലതാമസമുണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തും.  അതത് ക്ഷേമനിധി ബോര്‍ഡുകള്‍ അടിയന്തരമായി യോഗം ചേര്‍ന്ന് അംഗത്വ വര്‍ധന, തനതുപ്രവര്‍ത്തനം വഴിയായുള്ള വരുമാന വര്‍ധനവ്, ബോര്‍ഡ് പ്രവര്‍ത്തന വിപുലീകരണം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട്  ഓഗസ്റ്റ് മാസത്തോടെ ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച് ലേബര്‍ കമ്മീഷണര്‍, മന്ത്രിതല വിലയിരുത്തലുകള്‍ നടത്തും. വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ വെവ്വേറെ യോഗം നിയമസഭാ സമ്മേളനത്തിനു ശേഷം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേമനിധി പദ്ധതികളിലെ ഫണ്ട് വിതരണം വേഗത്തിലാക്കണമെന്ന് യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര നിര്‍ദേശിച്ചു. ബോര്‍ഡുകളുടെ പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് ലേബര്‍ കമ്മീഷണറേറ്റില്‍ കൃത്യമായി ലഭ്യമാക്കണം. എല്ലാ ബോര്‍ഡ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കണം. ഇ-പേയ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുകയും ഇ-ഗവേണന്‍സ് കാര്യക്ഷമമാക്കുകയും വേണമെന്നും കമ്മീഷണര്‍ പറഞ്ഞു. ബോര്‍ഡുചെയര്‍മാന്മാരും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാനും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന കാട്ടാക്കട ശശിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

You may also like

Leave a Comment

You cannot copy content of this page