സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നേരിടാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്

by admin

post

തിരുവനന്തപുരം : സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്കെതിരായ പ്രശ്നങ്ങള്‍ നേരിടുന്നതിനായി പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട് എന്ന പദ്ധതിക്ക് കേരള പോലീസ് തുടക്കമിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് അതിക്രമങ്ങളില്‍ വര്‍ദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.

പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ലോകത്തും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍വരും. പത്ത് ഘടകങ്ങളാണ് പദ്ധതിയില്‍ ഉണ്ടാകുക.

ഗാര്‍ഹികപീഡനങ്ങള്‍ പലപ്പോഴും പോലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുത്തിയിട്ടുണ്ട്.

വീടുകള്‍തോറും സഞ്ചരിച്ച് ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന്‍  ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂള്‍, കോളേജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതല്‍ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായിരിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവില്‍വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page